By

കോവിഡ്-19 വ്യാപനവും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പ്രതികരണവും

ലോക ബാങ്ക് ഗ്രൂപ്പ് പോലെയുള്ള ബഹുകക്ഷി വികസന ബാങ്കുകളാണ് (എം.ഡി.ബി.കള്‍) മുന്‍ ദശകങ്ങളില്‍ ആഗോളപരമായി വികസനത്തിന്‍റെ ഭാഷയും ദിശയും എങ്ങനെ രൂപപ്പെട്ടുവെന്ന് പ്രധാനമായും നിര്‍വചിച്ചിരുന്നത്. ഇന്ത്യയിലും, അനുഭവം വ്യത്യസ്തമല്ല. നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുക, സ്വകാര്യവല്‍ക്കരണം, കച്ചവട ഉദാരവല്‍ക്കരണം തുടങ്ങിയവയും, അതുപോലെ പരിധിയില്ലാത്ത സാമ്പത്തിക വളര്‍ച്ച ഉന്നം വച്ചുകൊണ്ട്, പ്രാഥമികമായും സ്ട്രക്ചറല്‍ അഡ്ജസ്റ്റ്മെന്‍റ് പ്രോഗ്രാമുകളിലൂടെ (SAPs) നടപ്പിലാക്കിയ സ്വതന്ത്ര-വിപണി സാമ്പത്തിക നയങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഏകമാന സ്വഭാവത്തിലുള്ള വികസനത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്ന ഈ സ്ഥാപനങ്ങള്‍ ജനങ്ങളെ/സമൂഹങ്ങളെ ഈ സംവാദത്തില്‍ പ്രാന്തസ്ഥിതരാക്കി നിലനിര്‍ത്തുകയാണ്.

മുന്‍ ദശകങ്ങളില്‍, ലോകമെമ്പാടുമുള്ള ജനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും വികസന പദ്ധതികള്‍ക്കും ഘടനാപരമായ ക്രമീകരണ നയങ്ങള്‍ക്കും എതിരെ അവരുടെ ശബ്ദം ഉയര്‍ത്തിയിട്ടുള്ളതും ഈ സ്ഥാപനങ്ങള്‍ ഏറ്റവും ജനാധിപത്യവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ അവരുടെമേല്‍ കടന്നുകയറ്റം നടത്തിയിട്ടുള്ളതുമാണ്. ഇന്ത്യയില്‍, ലോക ബാങ്കിനും അതിന്‍റെ ജന-വിരുദ്ധ അജണ്ടയ്ക്കും എതിരെയുള്ള പ്രതിരോധം നിര്‍വചിച്ചത് നര്‍മ്മദ പോരാട്ടമാണ്. ബാങ്കിന് നര്‍മ്മദാ താഴ്വരയില്‍ നിന്ന് പിന്‍വാങ്ങേണ്ടി വരുമെന്ന് ജനകീയ സമരം ഉറപ്പു വരുത്തി. എന്നിരുന്നാലും, ഈ സ്ഥാപനങ്ങള്‍ക്ക് അവരുടെ പഴയ തെറ്റുകളില്‍ നിന്ന് പഠിക്കുന്നതിനുള്ള കഴിവ് കുറവാണ്, അഥവാ സ്വതന്ത്ര വിപണിയെയും നവലിബറല്‍ നയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജണ്ട നിലനിര്‍ത്തുവാന്‍ തങ്ങളെ പ്രസക്തമായി സൂക്ഷിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ ഉറപ്പു വരുത്തുന്നതിന് സ്വയം പുനര്‍നിര്‍വ്വചിക്കുവാന്‍ തക്കവണ്ണം സമര്‍ത്ഥരാണവരെന്ന് വേണമെങ്കില്‍ പറയാം.

കഴിഞ്ഞ ഏതാനും ദശകങ്ങളില്‍, പാര്‍ശ്വവല്ക്കൃത സമൂഹങ്ങളുടെ ചെലവില്‍ സ്വകാര്യ മേഖലയുടെ താല്പര്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്ന സാമ്പത്തിക നയങ്ങളിലെ മാറ്റങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള എല്ലാ അവസരങ്ങളും ഉപയോഗിച്ചുകൊണ്ട്, ബഹുകക്ഷി വികസന ബാങ്കുകള്‍ അവരുടെ പ്രസക്തി പുനര്‍നിര്‍വചിക്കുന്നതിനായി ദുരന്തങ്ങളെ മുതലാളിത്ത ശക്തികള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ഡെവലപ്മെന്‍റ് പോളിസി വായ്പകള്‍ പുതിയ SAP ആയിത്തീര്‍ന്നിരിക്കുന്നു; സമൂഹങ്ങളുടെ മേലും പരിസ്ഥിതിയുടെ മേലും ഉപജീവനമാര്‍ഗ്ഗങ്ങളുടെ മേലുമുള്ള ആഘാതത്തിന് ഒരു പരിഗണനയും നല്കാതെ, സ്മാര്‍ട്ട് സിറ്റികളും ഇന്‍ഡസ്ട്രിയല്‍ കോറിഡോറുകളും പോലെയുള്ള ഭീമമായ പ്രോജക്ടുകള്‍ പിന്തുണയ്ക്കപ്പെടുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളില്‍, IFCയുടെ കാര്യത്തിലെന്നപോലെ അവരുടെ അക്കൌണ്ടബിളിറ്റി മെക്കാനിസം പ്രയോജനപ്പെടുത്തുന്നതിനു വേണ്ടി സമൂഹങ്ങള്‍ ഈ സ്ഥാപനങ്ങളെ സമീപിച്ച അനേകം സന്ദര്‍ഭങ്ങള്‍ക്ക് ഞങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏഷ്യന്‍ ഡെവലപ്മെന്‍റ്  ബാങ്ക് പിന്തുണയോടെയുള്ള ടാറ്റാ മുണ്‍ഡ്ര അള്‍ട്രാ മെഗാ വൈദ്യുത പദ്ധതി, IFC പിന്തുണയോടെയുള്ള ജി.എം.ആര്‍. കമലാങ് വൈദ്യുത പദ്ധതി, ടാറ്റാ ടീ പ്രോജക്ട്, ലോകബാങ്ക് പിന്തുണയോടെയുള്ള വിഷ്ണുഗഡ് പിപല്‍കോട്ടി ജലവൈദ്യുത പദ്ധതി, അമരാവതി ക്യാപ്പിറ്റല്‍ സിറ്റി പദ്ധതി ഇവയും മറ്റനേകം പദ്ധതികളും; ഈ പദ്ധതികള്‍ അവയുടെ ആരംഭം മുതല്ക്കു തന്നെ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്ക്കണ്ഠകള്‍ കാരണം വികൃതമാക്കപ്പെട്ടതാണ്. പക്ഷേ ഈ സ്ഥാപനങ്ങള്‍ പാഠങ്ങള്‍ പഠിക്കുകയോ അവരുടെ പരാജയങ്ങളും, ആളുകള്‍ക്കും പരിസ്ഥിതിക്കും അവരുണ്ടാക്കിയ നാശം അംഗീകരിക്കുകയോ ചെയ്തിട്ടില്ല.

ഇന്ന് ഇന്ത്യയില്‍ പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരുടെ അഭിലാഷങ്ങള്‍ക്ക് അല്പം പോലും ഇട നല്കാത്ത വ്യവസ്ഥകളും ഘടനകളും നയങ്ങളും സ്ഥാപിക്കുന്നതിനുള്ള ഒരു സാധ്യതയും നഷ്ടപ്പെടുത്താത്ത ഭൂരിപക്ഷ സര്‍ക്കാരിലൂടെ, ജനാധിപത്യ ഘടനകളുടെ അടിസ്ഥാനത്തിന്മേല്‍ത്തന്നെയുള്ള ഒരു വ്യവസ്ഥാപരമായ ആക്രമണത്തിന് നാം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു സമയത്ത്, ലോകബാങ്ക് പോലെയുള്ള സ്ഥാപനങ്ങള്‍ അവരുടെ നിക്ഷേപങ്ങളിലൂടെയും അറിവിലൂടെയും ഈ പ്രക്രിയകളെ കൂടുതല്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ബാങ്കിന്‍റെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളെ നിയന്ത്രണങ്ങള്‍ എടുത്തു മാറ്റുന്നതിന് പ്രേരിപ്പിച്ചു, അത് പരിസ്ഥിതി സംരക്ഷണത്തെ ക്രമേണ നശിപ്പിക്കുകയും, കോര്‍പ്പറേഷനുകളെ സഹായിക്കുന്ന തൊഴില്‍, ഭൂനിയമങ്ങള്‍ നിർമ്മിക്കുന്നതിനു പ്രേരിപ്പിക്കുകയും ചെയ്തു.

ദുരന്തം പോലും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ഒരു അവസരമായി ഉപയോഗിക്കപ്പെടുന്നുവെന്നത് വിശേഷിച്ചും നിര്‍ഭാഗ്യകരമാണ്. സ്വകാര്യവല്ക്കരണത്തിന്‍റെയും നയമാറ്റങ്ങളുടെയും ഒളിച്ചു വച്ച അജണ്ടകള്‍ കൂടാതെ സാമൂഹ്യ സുരക്ഷയും ആരോഗ്യ സുരക്ഷിതത്വവും നല്കുന്നതിനുള്ള ഉത്തരവാദിത്തമായിരുന്നു കോവിഡ്-19 മഹാമാരി ഈ സ്ഥാപനങ്ങള്‍ക്ക് നല്കേണ്ടിയിരുന്നത്. നയമാറ്റങ്ങള്‍ക്കും സാമൂഹിക മേഖലയെയും ആരോഗ്യ മേഖലയെയും പുനര്‍നിര്‍വചിക്കുന്നതിനും എം.എസ്.എം.ഇ. മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനും വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള ഒരു അവസരമായി കോവിഡ്-19 ഉപയോഗിക്കപ്പെടുന്നതാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവരുടെ അജണ്ട അടിച്ചേല്പിക്കുന്നതിന് MDBകള്‍ക്ക് ഈ മഹാമാരി നല്കിയ അതിവേഗ പ്ലാറ്റ്ഫോമോടുകൂടി, സമ്പദ്വ്യവസ്ഥകളുടെ മേലും സമൂഹങ്ങളുടെ മേലുമുള്ള ഈ നിക്ഷേപങ്ങളുടെ ആഘാതം വിലയിരുത്തേണ്ടത് നിര്‍ണ്ണായകമാണ്.

Your email address will not be published. Required fields are marked *

*