2023 ഒക്ടോബർ 7ന് ആരംഭിച്ച ഇസ്രായേലിന്റെ ഗാസ ആക്രമണം രണ്ട് വർഷം പൂർത്തിയാവുകയാണ്. പലസ്തീൻ ജനതയെ ഒന്നാകെ ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയ്ക്കും അധിനിവേശത്തിനും എതിരെ ലോകത്തെമ്പാടും പ്രതിഷേധം ഉയരുന്നുണ്ട്. അമേരിക്കയുടെ മുൻകൈയിൽ ഇസ്രായേലിന് അനുകൂലമായ ഒരു സന്ധിയുണ്ടാക്കി അധിനിവേശം തുടരാനുള്ള ശ്രമമാണ് അവർ ഇപ്പോൾ നടത്തുന്നത്.
ചെറിയ കുട്ടികളെ അടക്കം കൊന്നൊടുക്കുന്ന ഇസ്രായേൽ സൈന്യം പലസ്തീൻ ജനതയുടെ ജീവിതം എല്ലാ അർത്ഥത്തിലും ദുസ്സഹമാക്കി തീർത്തിരിക്കുകയാണ്. ഇസ്രായേലിന്റെ നിർബന്ധിത ഉപരോധം സൃഷ്ടിച്ച പട്ടിണിയും ആരോഗ്യ തകർച്ചയും കൂട്ടമരണങ്ങൾക്കാണ് കാരണമായിത്തീരുന്നത്. ഇത്രയും ക്രൂരവും മനുഷ്യത്വവിരുദ്ധവുമായ ചെയ്തികൾ ഇസ്രായേൽ ഭരണകൂടം പരസ്യമായി തുടരുമ്പോഴും ഇന്ത്യയിലെ സ്വകാര്യ-പൊതുമേഖലാ കമ്പനികൾ ഇസ്രായേൽ സർക്കാരുമായും കമ്പനികളുമായും രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങൾ തുടരുകയാണ്. വംശഹത്യയ്ക്ക് എതിരായ ജനവികാരം ഇന്ത്യയിൽ ഉയർന്നുവന്നിട്ടും ഇസ്രായേലുമായുള്ള കൂട്ടുകച്ചവടം അവസാനിപ്പിക്കാൻ ഇന്ത്യൻ സ്ഥാപനങ്ങൾ/കമ്പനികൾ തയ്യാറായിട്ടില്ല. അത്തരം രാഷ്ട്രീയ-സാമ്പത്തിക ബന്ധങ്ങളെ തുറന്നുകാണിക്കുകയാണ് സെന്റർ ഫോർ ഫിനാഷ്യൽ അക്കൗണ്ടബിലിറ്റി (CFA) പുറത്തിറക്കിയ Profit & Genocide: Indian Investments in Israel എന്ന റിപ്പോർട്ട്.
വർഷങ്ങളായി പലസ്തീൻ അനുകൂല നിലപാടിൽ ഉറച്ചുനിന്ന ഇന്ത്യ, ഇസ്രായേലിന് കൂടുതലായി പിന്തുണ നൽകാൻ തുടങ്ങുന്നത് 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണെന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, അടിസ്ഥാന സൗകര്യ വികസനം, ഫിനാൻസ്, ഇൻഷുറൻസ്, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഇസ്രായേൽ സംരംഭങ്ങളിൽ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്തുന്ന ഇന്ത്യൻ കോർപ്പറേറ്റുകൾ ഏതൊക്കെയാണെന്ന് സി.എഫ്.എയുടെ റിപ്പോർട്ട് തുറന്നുകാണിക്കുന്നു. സ്വയം നിർണ്ണയാവകാശത്തിനായുള്ള പലസ്തീൻ ജനതയുടെ പോരാട്ടങ്ങൾക്കും അതിജീവനത്തിനുമുള്ള പിന്തുണ കൂടിയാണ് ഈ റിപ്പോർട്ട്.
1992 ജനുവരിയിലാണ് ഇന്ത്യയും ഇസ്രായേലും തമ്മിൽ പൂർണ്ണ നയതന്ത്ര ബന്ധം സ്ഥാപിതമാകുന്നത്. വിലയേറിയ കല്ലുകൾ, രാസ-ധാതു വളങ്ങൾ, തുണിത്തരങ്ങൾ, ഗതാഗത ഉപകരണങ്ങൾ, കാർഷിക ഉത്പ്പന്നങ്ങൾ എന്നിവ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ വ്യാപാരം നടത്തിയിരുന്നത്. 2000 ത്തിന്റെ പകുതിയോടെ ഗവേഷണം, ഇന്നൊവേഷൻ, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കേന്ദ്രമായി ഇസ്രായേൽ വളർന്നു. ഇതോടെ ഇന്ത്യയിലെ കോർപ്പറേറ്റ് സ്ഥാപനങ്ങൾ കാർഷിക മേഖലയിൽ രാജ്യം നേരിട്ട വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ജലസേചനം, ജലപരിപാലനം, ബയോടെക്നോളജി എന്നീ മേഖലകളിൽ ഇസ്രായേലിന്റെ വിദഗ്ധ സഹായം സ്വീകരിച്ചു.
2000 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിൽ ഇന്ത്യ ഇസ്രായേലിൽ നടത്തിയ നേരിട്ടുള്ള നിക്ഷേപം (Overseas Direct Investment -ODI) 443 മില്യൺ യു.എസ് ഡോളറായിരുന്നു. ഇതേ കാലയളവിൽ ഇസ്രായേൽ ഇന്ത്യയിൽ നടത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign direct investment – FDI) 334.2 മില്യൺ യു.എസ് ഡോളറാണ്. പ്രതിരോധ മേഖല ഒഴിവാക്കിയാൽ, ഇന്ത്യ–ഇസ്രായേൽ വ്യാപാരം 1992-ലെ 200 ദശലക്ഷം യു.എസ് ഡോളർ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 6.53 ബില്യൺ യുഎസ് ഡോളർ ആയി വളർന്നു.
2014-ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടെ, പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന പങ്കാളികളായി ഇരുരാജ്യങ്ങളും മാറി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) എന്ന പൊതുമേഖലാ സ്ഥാപനം ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാനും സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനും ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസുമായി കരാറിലെത്തി. റിലയൻസ് ഡിഫൻസ് ആന്റ് എഞ്ചിനീയറിംഗ് ലിമിറ്റഡ് മിസൈൽ സംവിധാനങ്ങളും ആളില്ലാ വിമാനങ്ങളും നിർമ്മിക്കുന്നതിനായി റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസുമായി സഹകരിക്കാൻ തുടങ്ങി. അദാനി ഡിഫൻസ് സിസ്റ്റംസ് ആന്റ് ടെക്നോളജീസ് ലിമിറ്റഡ്, ഗാസയിൽ വൻ നാശനഷ്ടങ്ങൾക്ക് കാരണമായ എൽബിറ്റ് സിസ്റ്റംസ് ലിമിറ്റഡുമായി ആയുധ നിർമ്മാണത്തിൽ സഹകരിക്കുന്നുണ്ട്.
കൂടാതെ, മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) ഊർജ്ജമേഖലയിലും നേരിട്ടുള്ള ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഈ ഇന്ത്യൻ കമ്പനികളുടെ ഇസ്രായേൽ ബന്ധം തടസമില്ലാതെ തുടരാൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2007-ൽ ഇസ്രായേലിൽ ഒരു ശാഖ ആരംഭിച്ചു. ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ബാങ്കിംഗ് സോഫ്റ്റ്വെയറായ TCS BaNCS ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഇസ്രായേലിന് നൽകുന്നുണ്ട്.
തൊഴിൽ കുടിയേറ്റം ഇന്ത്യ-ഇസ്രായേൽ ഇടപാടിലെ മറ്റൊരു പ്രധാന കാര്യമാണെന്ന് സി.എഫ്.എ റിപ്പോർട്ട് പറയുന്നു. 2023 മെയ് മാസത്തിൽ, 42,000 ഇന്ത്യൻ നിർമ്മാണ തൊഴിലാളികളെയും നഴ്സുമാരെയും ഇസ്രായേലിലേക്ക് അയയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ കരാറിലെത്തിയിരുന്നു.
ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങൾക്ക് ഏകദേശം ഒരു വർഷം മുമ്പ്, അദാനി പോർട്ട്സ് ആന്റ് എസ്.ഇ.ഇസ്ഡ് ലിമിറ്റഡ്, 1.18 ബില്യൺ യു.എസ് ഡോളർ മുടക്കി ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ ഓഹരികൾ സ്വന്തമാക്കിയിരുന്നു.
വിവിധ മേഖലകളിലായി ഇന്ത്യ, ഇസ്രായേലിൽ നടത്തിയ 33 നിക്ഷേപങ്ങളുടെ/സഹകരണങ്ങളുടെ പട്ടികയും ഇസ്രായേൽ ഇന്ത്യയിലെ പല മേഖലകളിൽ നടത്തിയ എട്ട് നിക്ഷേപങ്ങളുടെ പട്ടികയുമാണ് സി.എഫ്.എ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ദക്ഷിണ ഗോളത്തിലെ (Global South) പീഡിത ജനവിഭാഗങ്ങളോട് ഐക്യദാർഢ്യപ്പെട്ടാണ് ഇന്ത്യ ചരിത്രപരമായി നിന്നിരുന്നതെന്നും അതുകൊണ്ടുതന്നെ ഇസ്രായേലിലെ അധിനിവേശ ഭരണകൂടത്തോടുള്ള നിലപാട് ഇന്ത്യ പുനഃപരിശോധിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. അതിൽ കുറഞ്ഞ ഏത് നിലപാടും ലാഭവും അധികാരവും, നീതിയെയും മാനവികതയെയും മറികടന്നിരിക്കുന്നു എന്നതിനുള്ള തെളിവായി മാറുമെന്നും Profit & Genocide: Indian Investments in Israel എന്ന റിപ്പോർട്ട് പറയുന്നു.
ഇന്ത്യ, ഇസ്രായേലിൽ നടത്തിയ നിക്ഷേപങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
This article was originally published in Keraleeyam, and you can read here.
Centre for Financial Accountability is now on Telegram and WhatsApp. Click here to join our Telegram channel and click here to join our WhatsApp channel, and stay tuned to the latest updates and insights on the economy and finance.