കേന്ദ്ര സർക്കാറിന്റെ ‘സ്മാർട്ട് സിറ്റീസ് മിഷൻ’ പത്ത് വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി (www.cenfa.org) തയ്യാറാക്കുന്ന ലേഖന പരമ്പര, ഒന്നാം ഭാഗം.
ഇന്ത്യൻ നഗരങ്ങളിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2015ൽ ആരംഭിച്ച സ്മാർട്ട് സിറ്റീസ് മിഷൻ (SCM) ഇന്ത്യയിലെ നഗരങ്ങളെ അത്യാധുനികവും പൗരന്മാർക്ക് സൗഹൃദപരവുമായ ഭൗതികാവസ്ഥകളിലേക്ക് മാറ്റുമെന്നായിരുന്നു വാഗ്ദാനം ചെയ്തത്. ഡാറ്റ കൈമാറ്റത്തിന് സഹായിക്കുന്ന ഇന്റർനെറ്റ് സാങ്കേതികവിദ്യ (IoT)യിലൂന്നിയ നൂതനത്വം, സുസ്ഥിരത, ആധുനിക ഭരണസംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രതീക്ഷകളാൽ ഈ പദ്ധതിക്ക് വലിയ പിന്തുണ ലഭിച്ചു.
ആശയരൂപത്തിൽ ഇത് ഭാവിയിലേക്കുള്ള കുതിപ്പായി തോന്നിയിരുന്നെങ്കിലും, ഒരു ദശകത്തിന് ശേഷം ഈ ആഘോഷത്തിന്റെ തിളക്കം നഷ്ടപ്പെട്ടു. കമാൻഡ് സെന്ററുകൾ, ഡിജിറ്റൽ കിയോസ്കുകൾ, സെൻസറുകളുള്ള സ്മാർട്ട് പോളുകൾ (smart poles) മുതലായവ പുറത്തുനിന്ന് ആകർഷകമായിരുന്നെങ്കിലും ഇതിന്റെ മറവിൽ നടന്നത് കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി നാശം, നഗര പൊതുസമൂഹത്തിന്റെ അധഃപതനം തുടങ്ങിയ പ്രശ്നങ്ങളായിരുന്നു.

ജനപങ്കാളിത്തമില്ലാത്ത ‘വ്യാപക’ നിർമ്മാണം
‘സ്മാർട്ട് സിറ്റി’ എന്ന ആശയം ജനപങ്കാളിത്തം ഉൾക്കൊള്ളുന്ന പദ്ധതി ആയി വളർന്നില്ല. മറിച്ച്, പൊതുജീവിതവുമായി യാതൊരു ബന്ധവുമില്ലാതെ വലിയ മൂലധനത്തിന്റെ വികസനമാതൃകയായി ഇത് മാറി. ഈ ഇടപെടലുകൾക്ക് പിന്നിൽ പരിസ്ഥിതിയേക്കുറിച്ചുള്ള കാഴ്ചപ്പാടോ ജനപങ്കാളിത്തമോ ഇല്ലാതെ, കഠിനമായ സാങ്കേതികാധിപത്യം മാത്രമാണ് നിലനിന്നത്. നഗരങ്ങളിലെ നടപ്പാതകൾ, പാർക്കുകൾ, തടാകങ്ങൾ, കളിസ്ഥലങ്ങൾ എന്നിവ സ്മാർട്ട് വികസനത്തിന്റെ പേരിൽ അകറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ അല്ലെങ്കിൽ നശിപ്പിക്കപ്പെടുകയോ ചെയ്തു.
അപ്രത്യക്ഷമായ നടപ്പാതകൾ
സ്മാർട്ട് സിറ്റി പദ്ധതിയുടെ പൈലറ്റ് നഗരങ്ങളിൽ ഒന്നായ ബെംഗളൂരുവിൽ, ഫ്ളൈഓവറുകളും സിഗ്നൽ രഹിത കോറിഡോറുകളും നിർമ്മിക്കപ്പെട്ടു. വാഹനഗതാഗതം സുഗമമാക്കുമെന്ന ആവശ്യം മുൻനിർത്തിയ പദ്ധതി, നടപ്പാതകൾ ഇല്ലാതാകുന്നതിലേക്ക് നയിച്ചു. മില്ലേഴ്സ് റോഡിൽ പുനരുദ്ധാരണം ചെയ്ത നടപ്പാതകൾ കുറച്ച് മാസങ്ങൾക്കകം തന്നെ മാലിന്യത്തിൽ മൂടപ്പെട്ടു. രാത്രികാലങ്ങളിലെ കുഴിയെടുക്കൽ നഗരവാസികളെ ബുദ്ധിമുട്ടിലാക്കിയപ്പോൾ, ആഴ്ചകളോളം ആളുകൾക്ക് സഞ്ചാരം തടസ്സപ്പെട്ടു.
കബ്ബൺ പാർക്ക് പോലുള്ള ചരിത്രപരമായ ഹരിതമേഖലകളിലും സ്മാർട്ട് പദ്ധതികൾ ഇടപെട്ടത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കി. സെൻസറി പാർക്ക് സ്ഥാപിക്കുന്ന പദ്ധതിയിലേക്കുള്ള നീക്കം, ഈ മേഖലയുടെ പരിസ്ഥിതി സവിശേഷതകളെ അവഗണിച്ചുവെന്നതിനാൽ വിമർശിക്കപ്പെട്ടു.

ഭാഗിക വികസനം, സമഗ്രതയുടെ അഭാവം
ഭോപ്പാൽ, റാഞ്ചി തുടങ്ങിയ നഗരങ്ങളിലും സമാനമായ സ്ഥിതിയാണ്. നടപ്പാതകൾ തകർന്നതുകൊണ്ടോ, കച്ചവടക്കാർ തടസ്സപ്പെടുത്തുന്നതുകൊണ്ടോ, വാഹനങ്ങൾ പാർക്ക് ചെയ്തത് മൂലമോ കാൽനടയാത്രക്കാർ റോഡിലേക്ക് തള്ളപ്പെടുന്നു. നടന്ന് സഞ്ചരിക്കാവുന്ന നഗരങ്ങളെന്ന വാഗ്ദാനമുണ്ടായിട്ടും, യാഥാർത്ഥ്യത്തിൽ നടപ്പാതകൾ നിശബ്ദമായി ഇല്ലാതാക്കപ്പെടുകയാണ്.
പൊതുസ്ഥലങ്ങളുടെ അലങ്കാരവും പരിസ്ഥിതി നാശവും
നഗര നവീകരണത്തിനായി ജലാശയങ്ങളും കായലുകളും നഗരോദ്യാനങ്ങളും ‘അലങ്കാര പദ്ധതികൾ’ എന്ന പേരിൽ മാറ്റത്തിന് ഇരയാക്കപ്പെട്ടു. കോയമ്പത്തൂരിൽ പുനരുദ്ധാരണം ചെയ്ത ഏഴ് തടാകങ്ങൾ ഒരു വർഷത്തിനകം തന്നെ മാലിന്യത്തിൽ മുങ്ങി. പൊതു ശൗചാലയങ്ങൾ വൃത്തിഹീനമായി എന്നും, കസേരകൾ തകർത്തു എന്നും നാട്ടുകാർ പരാതിപ്പെട്ടു. സമൂഹ്യ പങ്കാളിത്തമുണ്ടായിരുന്ന ഈ ഇടങ്ങൾ വേലികെട്ടിയടച്ച് സ്വകാര്യ സോണുകളാക്കപ്പെടുകയായിരുന്നു.
കൊൽക്കത്തയിലെ രാജാർഹട്ട് (ന്യൂ ടൗൺ) വികസനത്തിനായി തണ്ണീർത്തടങ്ങളെയും കുളങ്ങളെയും ഇല്ലാതാക്കി. ജലാശയങ്ങളാകട്ടെ ഐടി പാർക്കുകളും ആഡംബര വാസ സ്ഥലങ്ങളുമായി മാറി. ഗുവാഹത്തിയിലും ഇതേ അവസ്ഥയാണ് — തണ്ണീർത്തടങ്ങളും കുടിവെള്ള സ്രോതസ്സുകളുമടക്കം നീക്കം ചെയ്യപ്പെട്ടു.
‘ഗ്രേ സോണുകൾ’ – ഉപേക്ഷിക്കപ്പെട്ട ഭൂമികൾ
ഫ്ളൈഓവറുകളും ഓവർപാസുകളുമെല്ലാം നടപ്പിലായപ്പോൾ, അവയുടെ അടിയിലെ ഭൂമികൾ പല നഗരങ്ങളിലും അവഗണിക്കപ്പെട്ടു. അഹമ്മദാബാദിൽ പൊതു വായനശാലകളോ വിപണികളോ എന്ന ദിശയിൽ ചിന്തിച്ചുവെങ്കിലും, അവ പിന്നീട് മാലിന്യ കൂമ്പാരങ്ങളായി മാറി. ബംഗളൂരുവിൽ ‘ദ അഗ്ലി ഇന്ത്യൻ’ പോലുള്ള പൗരസംഘടനകൾ ഇടപെട്ട് ഇത്തരം ഭൂമികളെ പുനരധിവാസപ്പെടുത്തിയിരുന്നു.

കുടിയൊഴിപ്പിക്കലിന്റെ മറ്റൊരു മുഖം
ചേരി പുനരുദ്ധാരണം പല നഗരങ്ങളിലും സാമൂഹിക നീതിയുടെ പേരിൽ ആരംഭിച്ചുവെങ്കിലും, യഥാർത്തിൽ പൊതുസംവാദങ്ങളില്ലാതെ ഇത് നടന്നു. അഹമ്മദാബാദിലെ രാമോ ടെക്രിയിലും, പുണെയിലും ഭുവനേശ്വരിലുമുള്ള പദ്ധതികൾ പഴയകാല സാമൂഹ്യ ബന്ധങ്ങൾ തകർക്കുകയും, നിത്യജീവിതത്തിൽ ഉപയോഗപ്പെടുത്തിയിരുന്ന പാരിസ്ഥിക സേവനങ്ങളെ ഇല്ലാതാക്കുകയും ചെയ്തു.
സാങ്കേതികതയുടെ പേരിൽ പരിസ്ഥിതി അവഗണന
കമാൻഡ് സെന്ററുകൾ, ക്യാമറകൾ, കോൺക്രീറ്റ് റോഡുകൾ എന്നിവയ്ക്ക് മുൻഗണന നൽകിയ പദ്ധതികൾ, ശുദ്ധമായ വായു, നടപ്പാതകൾ, ഫംഗ്ഷണൽ ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചു. Wi-Fi സംവിധാനങ്ങളും LED ബോർഡുകളുമുള്ള പാർക്കുകളിൽ തണലോ ശുചിത്വ സൗകര്യങ്ങളോ ഇല്ലായിരുന്നു.
പൗര പ്രതിഷേധങ്ങൾ
സാധാരണക്കാർ പല നഗരങ്ങളിലും പ്രതിഷേധിച്ചു. ബംഗളൂരിൽ ഹെബ്ബാൾ തടാകത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ വലിയ ക്യാമ്പയിനുകൾ നടന്നു. ജയ്പൂരിൽ ജൽമഹൽ തടാകം മലിനീകരിപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടു. നവി മുംബൈയിലെ പരിസ്ഥിതി സംഘടനകൾ ഡി.പി.എസ് തടാകത്തെ സംരക്ഷിക്കാൻ മുന്നോട്ടുവന്നു. ഈ പ്രക്ഷോഭങ്ങൾ എല്ലാം സ്മാർട്ട് സിറ്റി മാനദണ്ഡങ്ങൾ സുസ്ഥിരതയെ മറക്കുമ്പോൾ സംഭവിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു.
അടിസ്ഥാനം മറന്ന സാങ്കേതിക വളർച്ച
നഗരങ്ങൾ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾക്ക് വേണ്ടി വലിയ തുക ചെലവഴിച്ചപ്പോഴും, ശുദ്ധവായു, സുരക്ഷിത നടപ്പാത, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയ പ്രധാന ആവശ്യങ്ങൾ അവഗണിച്ചു. “ബസ് എത്താൻ എത്ര സമയം വേണമെന്ന് പറയുന്ന ആപ്പ് ഉണ്ടാവാം. പക്ഷേ, ബസ് സ്റ്റോപ്പോ നടപ്പാതയോ ഇല്ലെങ്കിൽ അതെന്തിനാണ്?” എന്നത് ജനങ്ങളുടെ ചോദ്യമായിരുന്നു.

നഗരം തിരിച്ചുപിടിക്കാനുള്ള ആഹ്വാനം
നഗരങ്ങൾ ശാസ്ത്രീയവും ഉൾക്കാഴ്ചയുള്ളതുമായ രീതിയിൽ വികസിക്കണമെന്നതിൽ സംശയമില്ല. പക്ഷേ, സ്മാർട്ട് സിറ്റി പദ്ധതികളുടെ നിലവിലെ രൂപം ഇന്ത്യൻ നഗരങ്ങളിലെ ദുർബലതകളെ വെളിപ്പെടുത്തുന്നു — പ്രത്യേകിച്ച് സാമൂഹികവും പരിസ്ഥിതിയുമായുള്ള ബന്ധങ്ങളിൽ. പൊതുസമൂഹങ്ങൾ, സഹവാസം, ജനാധിപത്യം എന്നിവയ്ക്ക് ഈ പദ്ധതികൾ ഒരിക്കലും അനുയോജ്യമല്ലായിരുന്നു.
നഗര ഭാവി ഈ രീതിയിൽ തുടരേണ്ടതില്ല. കാലാവസ്ഥാ വ്യതിയാനവും സാമൂഹിക അസമത്വവും നേരിടുമ്പോൾ, ‘സ്മാർട്ട്’ എന്ന ആശയം പുതുക്കി വായിക്കേണ്ട സമയം വന്നിരിക്കുന്നു. സെൻസറുകളുടെ എണ്ണവും റോഡുകളുടെ നീളവുമല്ല, മറിച്ച് ഒരു നഗരം എത്രമാത്രം പൗരരെ ഉൾക്കൊള്ളുന്ന, ശുദ്ധവായുവും സഞ്ചാര സൗകര്യമുള്ള, ജനാധിപത്യ നയങ്ങളിൽ അധിഷ്ഠിതമാണ് എന്നതാണ് പ്രധാനം.
നഗരം ഒരു പൊതുസമ്പത്തായി തിരിച്ചുപിടിക്കാൻ ഇപ്പോൾ തന്നെ സമയമായിരിക്കുന്നു. സാങ്കേതികതയും ജനപങ്കാളിത്തവുമുള്ള സുസ്ഥിര സഹവാസമാണ് നമുക്ക് വേണ്ടത് — ഇതാണ് യഥാർത്ഥ സ്മാർട്ട് നഗരം.
ഷിംലയിലെ മുൻ ഡെപ്യൂട്ടി മേയറായ ലേഖകൻ സുസ്ഥിര നഗരനയത്തിൽ വിദഗ്ധനാണ്.
ഈ ലേഖനം ആദ്യം കേരളീയത്തിലാണ് പ്രസിദ്ധീകരിച്ചത്, ഇവിടെ വായിക്കാം