By

കേന്ദ്ര സർക്കാറിന്റെ ‘സ്മാർട്ട് സിറ്റീസ് മിഷൻ’ പത്ത് വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി (www.cenfa.org) തയ്യാറാക്കുന്ന ലേഖന പരമ്പര, അഞ്ചാം ഭാഗം.

പത്ത് വർഷം മുൻപ് കേന്ദ്ര സർക്കാർ സ്മാർട്ട് സിറ്റീസ് മിഷൻ പ്രഖ്യാപിച്ചപ്പോൾ, നഗര നവീകരണത്തിനായി തെരഞ്ഞെടുത്ത 100 നഗരങ്ങളും പ്രത്യേക നിയമപരമായ സ്ഥാപനങ്ങൾ രൂപീകരിക്കാൻ നിർബന്ധിതരായി. ഈ സ്ഥാപനങ്ങൾക്ക് നഗരങ്ങളുടെ പദ്ധതികൾ ആസൂത്രണം ചെയ്യുക, നടപ്പിലാക്കുക, നിരീക്ഷിക്കുക തുടങ്ങിയ ചുമതലകൾ നൽകിയിരുന്നു.

സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനായി രൂപീകരിച്ച ഈ സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPVs) പരിമിതമായ സർക്കാർ ഫണ്ടിംഗിനും വേഗത്തിലുള്ള തീരുമാനം കൈക്കൊള്ളുന്നതിനും വഴി തെളിച്ചു. ഇവയുടെ ബോർഡുകൾക്ക് മുനിസിപ്പൽ കൗൺസിലിന്റെ അനുമതി ആവശ്യമില്ലാത്തതിനാൽ പദ്ധതികളുടെ തിരഞ്ഞെടുപ്പിലും നടപ്പാക്കലിലും അധിക സ്വാതന്ത്ര്യം ലഭിച്ചു. കൂടാതെ, സർക്കാർ സേവനങ്ങൾക്ക് പുറത്ത് നിന്നുള്ള വിദഗ്ധരെ നിയമിക്കാനും പ്രാദേശികവും സംസ്ഥാനതലവുമായ വകുപ്പുകളുമായി ഏകോപനം ഉറപ്പാക്കാനും ഇവക്ക് അധികാരം ഉണ്ട്.

ഇങ്ങനെ, സ്മാർട്ട് സിറ്റി മിഷന്റെ പ്രാഥമിക ആധാരമായി മാറിയിരിക്കുന്നു ഈ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങൾ. ഡിജിറ്റൽ ‘സ്മാർട്ട് സൊല്യൂഷനുക’ളുടെ പ്രയോഗത്തിലൂടെ “അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസരവും, പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരവും നൽകുന്ന നഗരങ്ങൾ” എന്നതാണ് ഇവയുടെ പ്രഖ്യാപിത ലക്ഷ്യം.

സ്മാർട്ട് സിറ്റീസ് പ്രോജകട് ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. കടപ്പാട്:ibgnews

പഞ്ചാബ്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ നഗരങ്ങൾ, ജലന്ധറും സത്‌നയും മംഗ്ലൂരും ഉൾപ്പെടെ, സ്മാർട്ട് സിറ്റി മിഷന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ നിക്ഷേപങ്ങൾ നടത്തി. ജലന്ധറിലെയും സത്‌നയിലെയും ജലവിതരണ, മലിനജല സംവിധാനങ്ങളുടെ നവീകരണവും മംഗ്ലൂരിലെ സ്മാർട്ട് റോഡുകളുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുന്നു.

ഇതിനൊപ്പം, മംഗ്ലൂരിൽ മാലിന്യ ശേഖരണ വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ, പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ തുടങ്ങിയ ഡിജിറ്റൽ പരിഹാരങ്ങളിലും ഇവർ മുൻതൂക്കം നൽകി. നഗര സൗന്ദര്യവൽക്കരണത്തിനായി സത്‌നയിലെ ക്ഷേത്ര പരിസരങ്ങൾ, ജലന്ധറിലെ പാർക്കുകൾ, മംഗ്ലൂരിലെ പരമ്പരാഗത കുളങ്ങൾ എന്നിവ പുനരുദ്ധരിക്കുന്ന പദ്ധതികളും നടപ്പിലായി. മുനിസിപ്പൽ കോർപ്പറേഷനുകൾക്ക് പതിവായി കൈകാര്യം ചെയ്യുന്നതിനെക്കാൾ ഏറെ വൈവിധ്യമാർന്ന പദ്ധതികളുടെ പോർട്ട്ഫോളിയോ ഇവയിലൂടെ തെളിഞ്ഞു. ഇതിലൂടെ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPVs) സ്ഥാപനം പുനഃസംഘടനയ്ക്കുള്ള പ്രധാന ഉപാധിയായി മാറിയിരിക്കുകയാണ്. എന്നാൽ ഇതോടെ ഇന്ത്യൻ നഗരങ്ങളിലെ ഭരണരീതിയിലും പ്രാദേശിക ജനാധിപത്യത്തിന്റെ സ്വഭാവത്തിലും അവ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയരുന്നു.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPVs) കമ്പനികളായി രൂപീകരിക്കപ്പെടേണ്ടതായിരുന്നു. ഇവയുടെ ഭരണനിരവഹണം ഒരു ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (CEO) ബോർഡും ചേർന്നാണ് നടത്തുന്നത്. ഈ ബോർഡിൽ സംസ്ഥാന, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരും സ്വതന്ത്ര ഡയറക്ടർമാരും, ചില അവസരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഉൾപ്പെടുന്നു. ബോർഡിന് നേതൃത്വം നൽകുന്നത് ഒരു ചെയർപേഴ്‌സൺ ആയിരുന്നു.

എന്നിരുന്നാലും, ഈ സ്ഥാപനങ്ങൾ സ്വകാര്യ മൂലധനം ആകർഷിക്കാൻ പരാജയപ്പെട്ടതും, അവരുടെ ചീഫ് എക്‌സിക്യൂട്ടീവുകളും ചെയർപേഴ്‌സൻമാരും കൂടുതലായും സംസ്ഥാനതല ബ്യൂറോക്രാറ്റുകളോ മുനിസിപ്പൽ കമ്മീഷണർമാരോ ആയിരുന്നതും മൂലം, SPVകൾ യഥാർത്ഥത്തിൽ പൊതു സ്ഥാപനങ്ങളായി തന്നെയാണ് പ്രവർത്തിക്കുന്നത്.
അങ്ങനെ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകളുടെ രൂപീകരണം ഗവൺമെന്റിന്റെ വിവിധ തലങ്ങളിലുമുള്ള അധികാരസമത്വത്തിൽ ഗണ്യമായ മാറ്റം വരുത്തി. ഇത് നഗര പുനർക്രമണത്തിന്റെ (urban rescaling) ഒരു പ്രക്രിയയിലേക്ക് നയിച്ചു. അതിൽ മൂന്ന് പ്രധാന ഘടകങ്ങൾ വ്യക്തമാണ്: കേന്ദ്ര സർക്കാർ കൂടുതൽ നിയന്ത്രിക്കുന്ന ഒരു ദർശനം, സംസ്ഥാനതല നിയന്ത്രണത്തിന്റെ വ്യാപ്തി, കൂടാതെ പ്രാദേശിക ജനാധിപത്യത്തിന്റെ കൂടുതൽ ദുർബലപ്പെടുത്തൽ.

ദേശീയ തലത്തിൽ, ഇതിന്റെ ഫലമായി ഒരു നഗരം എന്താണെന്നും, എന്തുതരത്തിലുള്ള പദ്ധതികളാണ് നടപ്പിലാക്കേണ്ടതെന്നും സംബന്ധിച്ച മാർഗരേഖ കേന്ദ്ര സർക്കാർ തന്നെ മുന്നോട്ടുവയ്ക്കുന്ന സാഹചര്യം രൂപപ്പെട്ടു. ഉദാഹരണത്തിന്, നഗര സേവനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറുകളിൽ നിന്ന് ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യാൻ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ സ്ഥാപിക്കുന്നതിനെ ഇത് പ്രോത്സാഹിപ്പിച്ചു. അതുപോലെ, ഉയർന്ന മധ്യവർഗ്ഗത്തെ മുൻനിർത്തി രൂപകൽപ്പന ചെയ്ത സൈക്കിൾ പാത പദ്ധതികൾ, തൊഴിൽ പ്രശ്നങ്ങൾ, ജോലി സാഹചര്യം, വിവേചനപരമായ രീതികൾ എന്നിവ അവഗണിച്ചുകൊണ്ട് നടപ്പിലാക്കുന്ന മാലിന്യ ശേഖരണത്തിന്റെ ഡിജിറ്റലൈസേഷനും ഇതിൽ ഉൾപ്പെടുന്നു.

2015 മെയ് മാസം ന്യൂഡൽഹിയിൽ നടന്ന സ്മാർട്ട്‌ സിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ‘സ്മാർട്ട് സിറ്റി’യുടെ മാതൃക. കടപ്പാട്:Reuters

ന്യൂഡൽഹിയിലെ ഓഫീസുകളിൽ തയ്യാറാക്കിയ മോഡലുകൾ പകർത്തി പ്രയോഗിക്കുന്ന കൺസൾട്ടന്റുകളുടെ സംഘങ്ങൾ നിയന്ത്രിക്കുന്ന സാഹചര്യത്തിൽ, നഗര ഉദ്യോഗസ്ഥർക്കും, അതിലുപരി തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കും, അവരുടെ നഗരത്തിന്റെ സ്വത്വവും പൗരന്മാരുടെ യഥാർത്ഥ ആവശ്യങ്ങളും പ്രതിനിധീകരിക്കുക ദുഷ്കരമായി മാറിയിരിക്കുന്നു.

സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ; നഗരത്തിലേക്കുള്ള ഒരു കവാടമായി, അവരുടെ കണ്ണുകളും കാതുകളും പോലെയാണ് പ്രവർത്തിക്കുന്നത്. സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾക്ക് വഴക്കം നൽകിയിട്ടുണ്ടെങ്കിലും, പദ്ധതികൾ സംസ്ഥാനത്തിന്റെ അനുമതി നേടുകയോ അതിന്റെ മുൻഗണനകളോട് പൊരുത്തപ്പെടുകയോ വേണം, നഗരഭരണം ഭരണഘടനാപരമായി സംസ്ഥാന വിഷയമാണെന്ന കാര്യത്തെ ഇത് വ്യക്തമായി ഓർമ്മപ്പെടുത്തുന്നു.

എങ്കിലും, സംസ്ഥാനങ്ങളുടെ സമീപനത്തിൽ വ്യത്യാസങ്ങൾ കാണാം. പഞ്ചാബിൽ പദ്ധതികളുടെ ധനകാര്യ, സാങ്കേതിക കാര്യങ്ങളിൽ സംസ്ഥാനത്തിന് പൂർണ്ണ നിയന്ത്രണമുണ്ട്. മധ്യപ്രദേശിൽ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ നഗര മുനിസിപ്പൽ കോർപ്പറേഷനുകളുമായി കൂടുതൽ അടുപ്പത്തിൽ പ്രവർത്തിക്കുന്നു. കർണാടകയിൽ, ഇവ സാമ്പത്തികമായി സ്വതന്ത്രമായിരുന്നാലും, നഗരസഭയിൽ നിന്ന് മാറി, സംസ്ഥാന സർക്കാരിന്റെ ഭാഗമായിട്ടാണ് പ്രവർത്തിക്കുന്നത്.

അതേസമയം, ഡിജിറ്റലൈസേഷനിലേക്കുള്ള നീക്കവും നഗര സേവനങ്ങൾ നിയന്ത്രിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും, കാര്യക്ഷമതയും ഡാറ്റാ മാനേജ്മെന്റിന്റെ ചെലവും എന്ന പേരിൽ സംസ്ഥാനതല കേന്ദ്രീകരണത്തെ കൂടുതൽ ഉറപ്പിക്കുകയും ശക്തമാക്കുകയും ചെയ്യുന്ന പ്രവണതയിലേക്ക് നയിക്കുന്നു. പ്രാദേശിക തലത്തിൽ, സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPV) തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരെ മറികടന്ന് ബ്യൂറോക്രാറ്റുകളുടെ അധികാരം ഉറപ്പിച്ചതിൽ സംശയമില്ല. SPVയുടെ പ്രയോജനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ ചീഫ് എക്സിക്യൂട്ടീവുകളോ ടെക്നിക്കൽ ഡയറക്ടർമാരോ ആവർത്തിച്ച് ഉച്ചരിച്ച അഞ്ചു വാക്കുകൾ, ‘രാഷ്ട്രീയ ഇടപെടൽ ഇല്ല’, പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ ചുരുങ്ങിയ പങ്കിനെയും അവരെ മാറ്റിനിർത്തിയ അവസ്ഥയെയും വ്യക്തമാക്കുന്നതായിരുന്നു. ഈ മാറ്റം ഭരണ സംവിധാനത്തിനുള്ളിൽ വലിയ ആശ്വാസത്തോടെ തന്നെ സ്വീകരിക്കപ്പെട്ടു.

പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും ഇത് വ്യക്തമാണ്, ഭൂരിഭാഗം പേരും SPV ബോർഡിൽ ഉൾപ്പെടുന്നില്ല; ഉൾപ്പെട്ടാലും, അവരുടെ സ്വാധീനവും അഭിപ്രായ പ്രകടനത്തിനുള്ള സാധ്യതയും ഇല്ലാതെയാണ്. ഈ രീതിയിൽ രാഷ്ട്രീയ പങ്കാളിത്തം തടഞ്ഞുവെക്കുന്ന പ്രവണത, നഗര ജനാധിപത്യത്തിന് വ്യക്തമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

ഇത് കൂടുതൽ ആശങ്കാജനകമാണ്, കാരണം പങ്കാളിത്തപരമായ തീരുമാനമെടുപ്പിനായി രൂപീകരിക്കപ്പെട്ട സ്മാർട്ട് സിറ്റി അഡ്വൈസറി ഫോറം (Smart City Advisory Forum) തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, സിവിൽ സമൂഹം എന്നിവയെ ഉൾപ്പെടുത്തേണ്ടതായിരുന്നുവെങ്കിലും, പദ്ധതികളുടെ തിരഞ്ഞെടുപ്പിൽ അതിന്റെ പങ്ക് വളരെ പരിമിതമായിരുന്നു. പിന്നീട്, അതിന്റെ പ്രവർത്തനം പ്രായോഗികമായി പൂർണമായും നിലച്ചുപോയി. എങ്കിലും, നഗരഭരണത്തിലെ വർധിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീകരണ പ്രവണത വ്യക്തമായ ഒന്നായിരുന്നാലും, അതിനെ രണ്ടുതലത്തിൽ വിശദമായ പശ്ചാത്തലത്തിൽ കാണേണ്ടതുണ്ട്. ഒന്നാമതായി, രാഷ്ട്രീയ ഇടപെടൽ പൂർണമായും ഇല്ലാതാക്കാനായിട്ടില്ല, അത് പ്രായോഗികമായും അസാധ്യമാണ്. പല നഗരങ്ങളിലും എം.എൽ.എമാരും പ്രാദേശിക ശക്തരായ രാഷ്ട്രീയ നേതാക്കളും സ്മാർട്ട് സിറ്റി മിഷനിൽ സജീവമായി പങ്കെടുത്തു, ചിലപ്പോൾ പദ്ധതികളുടെ മേൽനോട്ടത്തിലും അവർ പങ്ക് വഹിച്ചു.

മറ്റ് ചില സന്ദർഭങ്ങളിൽ, മേയർമാർക്കും ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന കൗൺസിലർമാർക്കും ചില പദ്ധതികളുടെ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ സ്മാർട്ട് സിറ്റി മിഷൻ പൂർണമായും സാങ്കേതിക വിദഗ്ധരുടെ നിയന്ത്രണത്തിലായിരുന്നില്ലെന്നും, പ്രാദേശിക തലത്തിൽ രാഷ്ട്രീയ ഇടപെടലിനും സ്വാധീനത്തിനും ഇപ്പോഴും ഒരു സ്ഥാനം നിലനിന്നിരുന്നുവെന്നും വ്യക്തമാകുന്നു.
അതിലുപരി, സംസ്ഥാനങ്ങൾ തമ്മിലുള്ള കേന്ദ്രീകരണത്തിലെ വ്യത്യാസങ്ങൾക്ക് സ്മാർട്ട് സിറ്റി മിഷന്റെ ആരംഭത്തിന് മുമ്പേ ഉള്ള ഒരു നീണ്ട ചരിത്രമുണ്ട്.

മാംഗ്ലൂർ നഗരം. കടപ്പാട്:incredibleindia

അതുപോലെ, നഗര ജനാധിപത്യത്തിന്റെ ദുർബലതയെ കുറിച്ചുള്ള വാദത്തിനും പഴയ വേരുകളുണ്ട്. നഗര ഡീസെൻട്രലൈസേഷനെ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭരണഘടനാ 74-ാം ഭേദഗതി പാസായിട്ട് 30 വർഷം കഴിഞ്ഞിട്ടും, ഇന്നും ചില മുനിസിപ്പാലിറ്റികളിൽ തിരഞ്ഞെടുപ്പുകൾ സ്ഥിരമായി നടക്കാറില്ല. അതിനാൽ, സ്മാർട്ട് സിറ്റി മിഷനിലൂടെ പ്രാദേശിക രാഷ്ട്രീയത്തെ മറികടന്നത്, 1990-കളിൽ ജനാധിപത്യവൽക്കരണത്തിനായി ഉയർത്തിയ പ്രതീക്ഷകൾ വീണ്ടും നിറവേറാതിരിക്കാൻ കാരണമായി, മറ്റൊരു നഷ്ടാവസരമായി. ചുരുക്കത്തിൽ, സ്മാർട്ട് സിറ്റി മിഷൻ പ്രാദേശിക ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിലേക്കുള്ള മറ്റൊരു ആണി മാത്രമാണ്, അതിന്റെ അവസാനമല്ല. ഇപ്പോൾ പദ്ധതി അവസാനിച്ചിട്ടും, പല സംസ്ഥാനങ്ങളിലും സ്പെഷ്യൽ പർപ്പസ് വെഹിക്കിളുകൾ (SPV) പിരിച്ചുവിടപ്പെടാനുള്ള സാധ്യത ശക്തമായ സാഹചര്യത്തിലാണ്. അതിനാൽ, പ്രാദേശിക ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ആവശ്യം വീണ്ടും മുൻനിരയിൽ എത്തിച്ചേരണം, പ്രത്യേകിച്ച്, ഡിജിറ്റൽ പരിഹാരങ്ങളുടെയും ഡാറ്റാ അനലിറ്റിക്സിന്റെയും മേൽ ഉയർന്നുവരുന്ന ആശ്രയം ജനാധിപത്യത്തിന് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന ഈ ഘട്ടത്തിൽ.

മാരി ഹെലീൻ സെറാ ഫ്രഞ്ച് നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്റ്റെയിനബിൾ ഡെവലപ്‌മെന്റിലെ ഗവേഷണ ഡയറക്ടറാണ്. അവർ ഡൽഹിയിലെ സെന്റർ ഫോർ പോളിസി റിസർച്ചിൽ ഡെപ്യൂട്ടേഷനിലിരിക്കെ അവർ നടത്തിയ പഠനമാണിത്.

പരിഭാഷ: ഹരിപ്രിയ ഹർഷൻ

ഈ ലേഖനം ആദ്യം കേരളീയത്തിലാണ് പ്രസിദ്ധീകരിച്ചത്, നിങ്ങൾക്ക് ഇവിടെ വായിക്കാം.

A pop-up is always irritating. We know that.

However, continuing the work at CFA without your help, when the odds are against us, is tough.

If you can buy us a coffee (we appreciate a samosa with it!), that will help us continue the work.

Donate today. And encourage a friend to do the same. Thank you.