By

കേന്ദ്ര സർക്കാറിന്റെ ‘സ്മാർട്ട് സിറ്റീസ് മിഷൻ’ പത്ത് വർഷം പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി (www.cenfa.org) തയ്യാറാക്കുന്ന ലേഖന പരമ്പര, മൂന്നാം ഭാഗം.

2015-ൽ ആരംഭിച്ച സ്മാർട്ട് സിറ്റി മിഷൻ, രാജ്യത്തെ 100 നഗരപ്രദേശങ്ങളെ അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിക്കുന്നതിനും, ന​ഗരവാസികൾക്ക് കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത പദ്ധതിയാണ്. നഗരജീവിതത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ഭരണത്തിലെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി വിവരസാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

പദ്ധതിയുടെ ദീർഘകാല സാമ്പത്തിക ആവശ്യകത കണക്കാക്കി, അടുത്ത ഇരുപത് വർഷത്തിനുള്ളിൽ ഏകദേശം 7 ലക്ഷം കോടി രൂപ, അഥവാ 105 ബില്യൺ ഡോളർ വരെ ചെലവാകുമെന്ന് നഗരവികസന മന്ത്രാലയം അന്ന് വിലയിരുത്തിയിരുന്നു.
ന്യൂഡൽഹി മുതൽ ഭഗൽപൂർ വരെ, ഇംഫാൽ മുതൽ സേലം വരെ, സത്‌ന മുതൽ അഹമ്മദാബാദ് വരെയായി 100 നഗരങ്ങളെയാണ് സ്മാർട്ട് സിറ്റി പദ്ധതിക്കായി തെരഞ്ഞെടുത്തത്. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ കേന്ദ്ര സർക്കാർ 48,000 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, പദ്ധതികളുടെ നടപ്പാക്കൽ ബാധ്യത സംസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും മിഷൻ നിർദേശിച്ചു. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) കരാറുകൾ മുഖേന പൊതുസേവനങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പാക്കണമെന്നതായിരുന്നു പ്രധാന ശുപാർശ. അതിന്റെ അടിസ്ഥാനത്തിൽ ജലവിതരണം, ശുചിത്വം, മലിനജല നിയന്ത്രണം, ഗതാഗതം തുടങ്ങിയ പ്രധാന പൊതുസേവനങ്ങൾ സ്വകാര്യ പങ്കാളികൾ കൈകാര്യം ചെയ്യണമെന്നതാണ് നിർദേശം.

കടപ്പാട്: india.gov.in

1990കളുടെ തുടക്കത്തിൽ ആരംഭിച്ച സാമ്പത്തിക ഉദാരവൽക്കരണത്തിന് ശേഷം, ഇന്ത്യയുടെ നഗരവികസന മാതൃകയിൽ വലിയ മാറ്റം പ്രകടമായി. പൊതുസേവനങ്ങൾ സർക്കാർ നേരിട്ട് നൽകുന്നതിൽ നിന്ന് മാറി, സ്വകാര്യ കമ്പനികളെ പങ്കെടുപ്പിക്കാനും തുടർന്ന് പൗരരിൽ നിന്ന് ഉപയോക്തൃ ചാർജുകൾ ഈടാക്കാനും സാധ്യതകൾ സൃഷ്ടിക്കപ്പെട്ടു. ‘ചെലവ് വീണ്ടെടുക്കൽ’ (cost recovery) മാതൃകയെ മുന്നോട്ട് വെച്ചുകൊണ്ട്, നഗരസേവനങ്ങളെ വിപണിയോട് ബന്ധിപ്പിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടന്നത്. ഇതിന്റെ ഭാഗമായി, സ്വകാര്യ മേഖലയ്ക്ക് അവസരങ്ങൾ നൽകുകയും, വിദേശ-ദേശീയ മൂലധനത്തിന്റെ ഒഴുക്ക് വർധിപ്പിക്കുകയും ചെയ്യാനുള്ള മാർഗമായി പൊതു-സ്വകാര്യ പങ്കാളിത്തം (PPP) വ്യാപകമായി പ്രോത്സാഹിപ്പിക്കപ്പെട്ടു.

നിരവധി അവസരങ്ങൾ

സ്മാർട്ട് സിറ്റീസ് മിഷന്റെ കീഴിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നൂറുകണക്കിന് പദ്ധതികളെ സർക്കാർ ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് ഗ്രിഡ് വെബ്‌സൈറ്റിൽ ‘അവസരങ്ങൾ’ എന്ന തലക്കെട്ടിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. 2015-16 സാമ്പത്തിക വർഷം മുതൽ അഞ്ച് വർഷത്തിനിടെ, നഗരങ്ങൾ നിർദേശിച്ച പദ്ധതികൾക്കായി കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഏകദേശം 96,000 കോടി രൂപ അനുവദിച്ചെങ്കിലും, ഇത് മൊത്തച്ചെലവിനോട് താരതമ്യം ചെയ്യുമ്പോൾ പര്യാപ്തമല്ലെന്ന് തെളിഞ്ഞു. ചെലവിന്റെ വലിയൊരു പങ്ക് വഹിക്കേണ്ടി വരുന്നത് തെരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിലെ മുനിസിപ്പൽ കോർപ്പറേഷനുകളാണ്. ഫണ്ട് സ്വരൂപിക്കുന്നതിനായി സ്വത്ത് നികുതി, വിനോദ-പരസ്യ നികുതി, നഗരത്തിലേക്കുള്ള പ്രവേശന നികുതി തുടങ്ങിയ നികുതികൾ വർധിപ്പിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വന്നിട്ടുണ്ട്. ഇതിലൂടെ പദ്ധതികളുടെ സാമ്പത്തിക ബാധ്യത അവസാനം നേരിടേണ്ടത് നഗരവാസികളാണ് എന്നതാണ് ആശങ്ക.

സ്മാർട്ട് സിറ്റി മിഷന്റെ കീഴിൽ ഷില്ലോങ്ങിൽ നിർമ്മിച്ച ആദ്യത്തെ ആധുനിക വാണിജ്യ മാളായ പോളോ ഷോപ്പിംഗ് കോംപ്ലക്സ്, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉദ്ഘാടനം ചെയ്യുന്നു, കടപ്പാട്: syllad.com

ഇതിനൊപ്പം, ഒഴിഞ്ഞുകിടക്കുന്ന ഭൂമിക്കും പൊതുഗതാഗതത്തിനും നികുതി ചുമത്തി ഫണ്ട് കണ്ടെത്തണമെന്ന ശുപാർശ 14-ാമത് കേന്ദ്ര ധനകാര്യ കമ്മീഷൻ മുന്നോട്ട് വച്ചു. മാത്രമല്ല, വെള്ളം, വൈദ്യുതി, ടെലികോം, ഗ്യാസ്, പാർക്കിംഗ് ഫീസ് എന്നിവയിലും ഭൂമി-കെട്ടിടങ്ങളുടെ ഉപയോഗത്തിലെ മാറ്റങ്ങൾക്കുമുള്ള ഉപയോക്തൃ നിരക്കുകൾ വർധിപ്പിക്കണമെന്ന നിർദ്ദേശവും ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെയും പൊതുസേവനങ്ങളുടെ ചെലവ് നേരിട്ട് പൗരരുടെ മേൽ ചുമത്തപ്പെടുന്നുവെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.

ഫണ്ട് സൃഷ്ടിക്കുന്നതിനായി മുനിസിപ്പൽ ബോണ്ടുകൾ, ഗ്രീൻ ബോണ്ടുകൾ, ഊർജസംരക്ഷണ ബോണ്ടുകൾ, കൂടാതെ ധനകാര്യ സ്ഥാപനങ്ങൾ, ദ്വിരാഷ്ട്ര-ബഹുരാഷ്ട്ര ഏജൻസികൾ എന്നിവയിൽ നിന്നുള്ള പൂൾഡ് ഫിനാൻസ് സംവിധാനങ്ങളും ഉൾപ്പെടെ വിവിധ സ്രോതസ്സുകൾ മുന്നോട്ടുവെക്കപ്പെട്ടിട്ടുണ്ട്. നിക്ഷേപകർ ബോണ്ടുകൾ വാങ്ങുമ്പോൾ, അവർ സർക്കാരിനോ, മുനിസിപ്പാലിറ്റിക്കോ, അല്ലെങ്കിൽ ഒരു കോർപ്പറേഷനോ പണം കടം കൊടുക്കുകയാണ് ചെയ്യുന്നത്.

സ്വതന്ത്രമായി ധനസഹായം ലഭ്യമാക്കാനുള്ള ശേഷിയില്ലാത്ത മുനിസിപ്പാലിറ്റികൾക്കായി, പൂൾഡ് ഫിനാൻസ് സംവിധാനം നിരവധി സ്രോതസ്സുകളിൽ നിന്നുള്ള ഫണ്ടുകൾ ഏകോപിപ്പിച്ച് ലഭ്യമാക്കുന്നു. ഇതിലൂടെ ചെലവ് കുറയ്ക്കാൻ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെയും വികസന പദ്ധതികളുടെയും ആവശ്യത്തിനായി കൂടുതൽ മൂലധനം സൃഷ്ടിക്കാനുമുള്ള സാധ്യത ഉണ്ടാകുമെന്ന് വാദിക്കുന്നു. എന്നാൽ, ഇത്തരം മാർഗങ്ങൾ നഗരങ്ങളുടെ കടബാധ്യത വർദ്ധിപ്പിക്കുകയും, ചെലവിന്റെ ഭാരം അവസാനം സാധാരണ പൗരരുടെ മേൽ ചുമത്തപ്പെടാൻ ഇടയാക്കുമെന്നും വിമർശകർ മുന്നറിയിപ്പു നൽകുന്നു.

ലോകമെമ്പാടുമുള്ള നഗരങ്ങൾ പൊതുസേവനങ്ങളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിന്റെ പേരിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഹെൽസിങ്കി, സിംഗപ്പൂർ, ആംസ്റ്റർഡാം തുടങ്ങിയ നഗരങ്ങളിൽ, ഡിജിറ്റലൈസേഷനും ‘ഇന്റർനെറ്റ് ഓഫ് തിംഗ്സ്’ (IoT) സാങ്കേതികവിദ്യയും സേവന വിതരണത്തിന്റെ ഭാഗമായി വ്യാപകമായി വിനിയോഗിക്കപ്പെടുന്നു. വിവിധ സിസ്റ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന സെൻസർ-ഉപകരണങ്ങൾ വഴിയുള്ള ഡാറ്റാ ശേഖരണം, നഗരജീവിതം നിയന്ത്രിക്കുന്നതിൽ ‘തത്സമയ തീരുമാനമെടുപ്പ്’ സാധ്യമാക്കുന്നുവെന്നതാണ് ഇതിന്റെ മുഖ്യ വാഗ്ദാനം. എന്നാൽ, ഇത്തരം സ്മാർട്ട് സിറ്റി പദ്ധതികൾക്ക് പിന്നിലെ പ്രധാന വക്താക്കൾ ബഹുരാഷ്ട്ര കമ്പനികളും ധനകാര്യ സ്ഥാപനങ്ങളുമാണ്. ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഇവരുടെ സ്വാധീനം ശക്തമായതോടെ, നഗര വികസനം പൊതുസേവനങ്ങളുടെ പുരോഗതിയെന്ന പേരിൽ കോർപ്പറേറ്റുകളുടെ ലാഭലക്ഷ്യങ്ങൾക്ക് കീഴടങ്ങുന്നുവെന്ന ആശങ്ക ഉയരുന്നു.

നഗരപ്രദേശങ്ങളിലെ സേവനവിതരണം മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികമായ പരിഹാരങ്ങൾ വികസിപ്പിച്ച് നടപ്പിലാക്കുന്നത് സിസ്കോ, ഐബിഎം, ജനറൽ ഇലക്ട്രിക്, ഹിറ്റാച്ചി, തോഷിബ തുടങ്ങിയ മൾട്ടിനാഷണൽ കമ്പനികളാണ്. ഇത്തരം ‘സ്മാർട്ട് പരിഹാരങ്ങൾ’ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ വ്യാപിപ്പിക്കുന്നതിന് വേൾഡ് ബാങ്ക്, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC) പോലുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾ ശക്തമായി പിന്തുണ നൽകുന്നു. ഇന്ത്യയിലെ സ്മാർട്ട് സിറ്റീസ് മിഷനും IFCയോടൊപ്പം ലോക ബാങ്കിൽ നിന്നുള്ള പിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്.

വേൾഡ് ബാങ്ക് ഗ്രൂപ്പിന്റെ സ്വകാര്യ മേഖലാ വിഭാഗമായ IFC, ‘ലാഭേച്ഛയില്ലാതെ’ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന പേരിൽ വാണിജ്യ പദ്ധതികളിൽ നിക്ഷേപം നടത്തുന്നു. ഇത്തരം ഇടപെടലുകൾ നഗര വികസനത്തെ പൊതുഹിതത്തിനേക്കാൾ കോർപ്പറേറ്റുകളുടെ ലാഭലക്ഷ്യങ്ങൾക്ക് വഴിമാറാൻ ഇടയാക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത്. പൊതു സേവനങ്ങൾ എത്തിക്കുന്നതിനാവശ്യമായ പുതിയ മോഡലുകൾ വികസിപ്പിക്കുകയും, അതിന് ധനസഹായം നൽകുകയും, ‘കാലാവസ്ഥാ സ്മാർട്ട് സിറ്റികളുടെ’ അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുന്നതിലൊക്കെ സ്വകാര്യ മേഖലയെ ഉൾപ്പെടുത്തുന്നതിൽ ഇത് ഒരു പ്രബല വക്താവായി പ്രവർത്തിക്കുന്നു. വിദേശ-അന്താരാഷ്ട്ര ധനസഹായവും മൾട്ടിനാഷണൽ കമ്പനികളുടെ സാങ്കേതിക പിന്തുണയും ചേർന്ന്, നഗര വികസനത്തെ ‘പൊതു അവകാശം’ എന്ന പേരിൽ, കോർപ്പറേറ്റുകളുടെ ലാഭലക്ഷ്യത്തിനോട് ബന്ധിപ്പിക്കുന്ന പ്രവണത ശക്തമായിരിക്കുകയാണ്.

അതേസമയം, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB) നഗര പരിപാടികൾക്കായി അർബൻ ഫിനാൻസിംഗ് പാർട്ണർഷിപ്പ് ഫെസിലിറ്റി, വാട്ടർ ഫിനാൻസിംഗ് പാർട്ണർഷിപ്പ് ഫെസിലിറ്റി എന്നീ ഫണ്ടുകൾ വിനിയോഗിക്കുകയാണ്. എഡിബിയുടെ ഭാഗമായ സിറ്റീസ് ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് ഫോർ ഏഷ്യ (Cities Development Initiative for Asia) നഗരങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതിലും, പദ്ധതികൾ വേഗത്തിലും സജീവമായി തയ്യാറാക്കി നടപ്പാക്കുന്നതിലും നഗര ഭരണങ്ങൾക്ക് പിന്തുണ നൽകുന്നു. കാലാവസ്ഥാ വ്യതിയാന പ്രതിരോധ തത്വങ്ങൾ നഗരങ്ങളുടെ ആസൂത്രണത്തിലും പ്രവർത്തനത്തിലും ഉൾപ്പെടുത്താനായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ അർബൻ ക്ലൈമറ്റ് ചേഞ്ച് റെസിലിയൻസ് ട്രസ്റ്റ് ഫണ്ട് പിന്തുണ നൽകുന്നു. ബെംഗളൂരു, ഐസ്വാൾ, അഗർത്തല, ത്രിപുര തുടങ്ങിയ സ്മാർട്ട് സിറ്റികൾക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായം എഡിബി നൽകിയിട്ടുണ്ട്. സ്മാർട്ട് സിറ്റീസ് മിഷനുമായി ബന്ധപ്പെട്ട ‘സ്ട്രെങ്തനിംഗ് ക്ലൈമറ്റ് ചേഞ്ച് റെസിലിയൻസ് ഇൻ അർബൻ ഇന്ത്യ’ പരിപാടിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത്.

ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്

എങ്കിലും, വിദേശ ധനസഹായവും അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ സാങ്കേതിക പിന്തുണയും നഗരവികസനത്തിന്റെ നിർണായക ഘടകമാകുമ്പോൾ, അത് പൊതുഹിതത്തിനേക്കാൾ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നയപരമായ ലക്ഷ്യങ്ങൾക്കും കോർപ്പറേറ്റ് താൽപര്യങ്ങൾക്കും അനുകൂലമായി രൂപപ്പെടുമെന്ന വിമർശനങ്ങൾ ഉയരുന്നുണ്ട്.

യുഎസ്, യുകെ, ജർമ്മനി, സിംഗപ്പൂർ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സർക്കാർ പിന്തുണയുള്ള ഉഭയകക്ഷി ഏജൻസികൾ, ഇന്ത്യൻ മുനിസിപ്പാലിറ്റികളുമായി ഭവന, നഗരവികസന മന്ത്രാലയത്തോടൊപ്പം ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചിട്ടുണ്ട്. സ്മാർട്ട് സിറ്റി പദ്ധതികൾ വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ധനസഹായം ഉറപ്പാക്കുന്നതിനുമായി ഉഭയകക്ഷി ഏജൻസികളുമായി കരാറിലെത്തിയ നഗരങ്ങളാണ് ഭുവനേശ്വർ, കൊച്ചി, കോയമ്പത്തൂർ, അജ്മീർ തുടങ്ങിയവ.

എന്നാൽ, വിദേശ ഏജൻസികളുടെ നേരിട്ടുള്ള പങ്കാളിത്തം, നഗര വികസന നടപടികൾ പൊതുഹിതത്തിനേക്കാൾ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നയപരമായ ലക്ഷ്യങ്ങളുടെയും കോർപ്പറേറ്റ് താൽപര്യങ്ങളുടെയും നിയന്ത്രണത്തിൽ വരാൻ ഇടയാക്കുന്നുവെന്ന വിമർശനങ്ങൾ ഉയരുന്നു. ഇവരുടെ സാമ്പത്തിക സഹായവും സാങ്കേതിക പിന്തുണയും നഗര പദ്ധതികളുടെ രൂപകൽപ്പന മുതൽ നടപ്പാക്കലുവരെ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്.

എന്നിരുന്നാലും, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇന്ത്യയിൽ സ്വകാര്യ ഓപ്പറേറ്റർമാർ പൊതുസേവന പദ്ധതികൾ നടപ്പിലാക്കുകയും സേവനങ്ങൾ വിതരണം ചെയ്യുകയും ചെയ്ത അനുഭവം ഉയർന്ന പ്രതീക്ഷകൾക്ക് അനുസൃതമായി മുന്നോട്ട് പോവുന്നില്ല. ജലവിതരണ മേഖലയിൽ നടക്കുന്ന അഞ്ച് സ്വകാര്യ-പൊതു പങ്കാളിത്തങ്ങളെക്കുറിച്ചുള്ള ലോകബാങ്ക് നടത്തിയ പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. “സങ്കീർണ്ണവും വിഭജിതവുമായ സ്ഥാപന ഘടനകൾ മൂലമുള്ള ഉത്തരവാദിത്തക്കുറവ്; യൂട്ടിലിറ്റികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും പ്രകടന മാനദണ്ഡങ്ങൾ പാലിക്കാനുമുള്ള ശേഷിയുടെ അഭാവം; ദുർബലമായ വാണിജ്യമനോഭാവം; ബാഹ്യ സ്ഥാപനങ്ങളുടെ യൂട്ടിലിറ്റി പ്രവർത്തനത്തിലെ ഇടപെടലുകൾ; ഉപഭോക്തൃ സേവനത്തിലും സാമ്പത്തിക സുസ്ഥിരതയിലും കേന്ദ്രീകരിച്ച നിയന്ത്രണ ചട്ടക്കൂടിന്റെ അഭാവം” എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ.

അതേസമയം, യൂറോപ്യൻ നെറ്റ്‌വർക്ക് ഓൺ ഡെവലപ്‌മെന്റ് (EUND) റിപ്പോർട്ട് പറയുന്നത്, സ്വകാര്യ-പൊതുപങ്കാളിത്ത മാതൃക പല തലങ്ങളിലും പരാജയപ്പെട്ടുവെന്നാണ്. ഇത് സാമ്പത്തികമായി തട്ടിപ്പ് പോലുള്ള പ്രത്യാഘാതങ്ങൾ മാത്രമല്ല, സേവനത്തിന് ആശ്രയിച്ചിരുന്ന സാധാരണ പൗരരുടെ ജീവിതത്തിലും ഗാഢമായ മാനുഷിക ബാധ്യതകൾ ഉണ്ടാക്കിയതായി കണ്ടെത്തി.

ഇന്ത്യയിലെ സ്മാർട്ട് സിറ്റീസ് പോലുള്ള പദ്ധതികളിൽ ഇതിന്റെ പാഠങ്ങൾ ഉൾക്കൊള്ളാതെ, ബാഹ്യ കമ്പനികളും അന്താരാഷ്ട്ര ധനസഹായവും മുൻനിരയിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, പൊതുസേവനങ്ങളുടെ ലഭ്യത സാധാരണ പൗരരിൽ നിന്ന് പിരിച്ചെടുക്കപ്പെടുന്ന ഒരു പ്രവണതയുടെ ലക്ഷണങ്ങൾ കാണപ്പെടുന്നുണ്ട്.

“മൂലധനത്തിന്റെ ഉയർന്ന ചെലവ്, സ്വകാര്യ പങ്കാളിയിൽ നിന്നുള്ള ലാഭ പ്രതീക്ഷ, സങ്കീർണ്ണമായ പിപിപി കരാറുകളുടെ ചർച്ചയ്‌ക്കുള്ള ഉയർന്ന ഇടപാട് ചെലവുകൾ, പുനരാലോചനയുടെ സാധ്യത എന്നിവയാണ് പിപിപികളുടെ സാമ്പത്തികഭാരം ഉയർത്തുന്നത്,” യൂറോപ്യൻ നെറ്റ്‌വർക്ക് ഓൺ ഡെവലപ്‌മെന്റ് റിപ്പോർട്ട് പറയുന്നു. “പൊതു സേവനങ്ങളിൽ തെളിയിച്ച കാര്യക്ഷമത നേട്ടങ്ങൾ അതിവിശിഷ്ടമായി മാത്രമേ ഈ ചെലവുകൾ ന്യായീകരിക്കൂ. വർദ്ധിച്ച കടബാധ്യതയും ആഗോള മാന്ദ്യ പ്രവചനങ്ങളും ഉള്ള പശ്ചാത്തലത്തിൽ, ഇത് സർക്കാർ കരങ്ങളിലെ ‘മറഞ്ഞിരിക്കുന്ന കടം’ ആയി മാറാനും, മൊത്തം കടബാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കുന്നു.”
പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ മാനുഷിക ചെലവും ഇന്ത്യയിൽ വ്യക്തമായി പ്രകടമാണ്. “സംസ്ഥാന സർക്കാരുകൾക്ക് വ്യത്യാസമായി, സ്വകാര്യ കമ്പനികൾക്ക് പൗരരോടല്ല, അവരുടെ ഓഹരി ഉടമകളോടാണ് ഉത്തരവാദിത്തമുള്ളത്,” എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം തുടങ്ങിയ അടിസ്ഥാന സേവനങ്ങളുടെ ലഭ്യത പൗരരുടെ പണമടയ്ക്കാനുള്ള ശേഷിയോട് ബന്ധിപ്പിച്ചതും, അവകാശങ്ങളെ ഉപഭോക്തൃ അവകാശങ്ങളായി പരിമിതപ്പെടുത്തിയതും പ്രധാന പ്രശ്‌നങ്ങളാണ്. ഇതോടെ, ഡാറ്റാ ശേഖരണ, സർവൈലൻസ്, ഉപഭോക്തൃ വിവര സംരക്ഷണ ചുമതലകൾ സംബന്ധിച്ചും പൗരരിൽ നിയന്ത്രണക്ഷാമം സൃഷ്ടിക്കുന്നു.”

ഇന്ത്യയിലെ മുൻ അനുഭവങ്ങളും മുന്നറിയിപ്പുകളും ഉള്ളപ്പോൾ പോലും, സ്മാർട്ട് സിറ്റി പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള ഒരു മാതൃകയായി പൊതു-സ്വകാര്യ പങ്കാളിത്തങ്ങൾ ഇപ്പോഴും അനുകൂലമായി തുടരുന്നു. വിദേശ ധനസഹായവും അന്താരാഷ്ട്ര കോർപ്പറേറ്റുകളുടെ സാങ്കേതിക പിന്തുണയും ചേർന്ന ഈ പ്രവണത, പൊതുസേവനങ്ങളുടെ ആക്‌സസ് പൊതുജനങ്ങളിലേക്കും പൗരാവകാശങ്ങളിൽ നേരിട്ടുള്ള നിയന്ത്രണത്തോടും ബന്ധിപ്പിക്കപ്പെടുന്ന തരത്തിൽ രൂപപ്പെടുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

സ്വകാര്യവൽക്കരണം, പൊതു-സ്വകാര്യ പങ്കാളിത്തം, ജലം, ശുചിത്വം എന്നിവ സംബന്ധിച്ച പൊതു സേവനങ്ങളുടെ പരിഷ്‌ക്കാരങ്ങൾ എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗൗരവ് ദ്വിവേദി സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.

പരിഭാഷ: ഹരിപ്രിയ ഹർഷൻ

This article was originally published in Keraleeyam Masika, and you can read here.

Centre for Financial Accountability is now on Telegram and WhatsApp. Click here to join our Telegram channel and click here to join our WhatsApp channel, and stay tuned to the latest updates and insights on the economy and finance.

A pop-up is always irritating. We know that.

However, continuing the work at CFA without your help, when the odds are against us, is tough.

If you can buy us a coffee (we appreciate a samosa with it!), that will help us continue the work.

Donate today. And encourage a friend to do the same. Thank you.