By

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് ഖജനാവിലെ ഞെരുക്കം ആദ്യം ബാധിക്കുന്നത് ആരെയെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കൂലിപ്പണിയാണ് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ അനില്‍ കുമാറിന്റെ ഉപജീവന മാര്‍ഗം. വീട്ടില്‍ അരിവാള്‍ രോഗ ബാധിതനായ മകനും പ്രായമായ അമ്മയുമാണുള്ളത്. അരിവാള്‍ രോഗം ബാധിച്ച് ഭാര്യ മരിച്ചശേഷമാണ് മകനും രോഗമുണ്ടെന്ന് അനില്‍ കുമാര്‍ അറിയുന്നത്. പത്തു വയസ്സുകാരന്റെ ചികിത്സയും പോഷകാഹാരവും ഉറപ്പാക്കാന്‍ അനില്‍ ആശ്രയിച്ചിരുന്നത് മകന് സര്‍ക്കാരില്‍നിന്ന് കിട്ടിയിരുന്ന പെന്‍ഷന്‍ മാത്രമായിരുന്നു. പക്ഷേ കഴിഞ്ഞ 11 മാസമായി അത് മുടങ്ങിയപ്പോള്‍ തകര്‍ന്നത് അനില്‍ കുമാറിന്റെ കുടുംബ ബജറ്റാണ്. അരിവാള്‍ രോഗ ബാധിതര്‍ക്ക് സപ്ലൈകോ വഴി നല്‍കിയിരുന്ന ധാന്യങ്ങളും പലപ്പോഴും കിട്ടാതെയായി. കിട്ടുന്നതില്‍ പലതും ഗുണമേന്മയുള്ളതല്ലെന്നും അനില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ഒന്‍പത് മാസത്തെ പെന്‍ഷന്‍ കുടിശ്ശിക കിട്ടി. ബാക്കി രണ്ട് മാസത്തെയല്ലേയെന്ന ആശ്വാസമാണ് അനിലിന്. അമ്മയുടെ വാര്‍ധക്യ പെന്‍ഷന്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ ഒരുമിച്ച് കിട്ടുന്നുണ്ട്. അനിലിനെ പോലെ പലര്‍…

സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ തുടങ്ങും മുമ്പ് ഖജനാവിലെ ഞെരുക്കം ആദ്യം ബാധിക്കുന്നത് ആരെയെന്ന് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും വേണം. അനിലിനെ പോലെ നിരവധി പേരാണ് സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ ഇരകളായത്.

കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള 50 പേരില്‍നിന്ന് നടത്തിയ അഭിപ്രായ സര്‍വേയില്‍ 58 ശതമാനം പേര്‍ പറഞ്ഞത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അവരുടെ ജീവിതത്തെ ബാധിച്ചുവെന്നാണ്. 60 ശതമാനത്തിന് മുകളില്‍ ആളുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടസപ്പെട്ടു. 50 ശതമാനം പേര്‍ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കരുതുമ്പോള്‍ 28 ശതമാനം പേര്‍ ചെറിയ പ്രതിസന്ധിയാണിതെന്ന് വിലയിരുത്തുന്നു. 22 ശതമാനം പേര്‍ കേരളത്തില്‍ കാര്യമായ പ്രതിസന്ധിയില്ലെന്ന് വിശ്വസിക്കുന്നു. കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍നിന്നും വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ നിന്നുമുള്ളവരാണ് അഭിപ്രായം രേഖപ്പെടുത്തിയവര്‍.

സാമ്പത്തിക സഹകരണ ഫെഡറലിസം എന്ന ആശയത്തില്‍നിന്ന് കേന്ദ്രം വ്യതിചലിക്കുന്നതാണ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഞെരുക്കത്തിലകപ്പെടാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അത് ശരിവെക്കുന്ന ചില പ്രധാനപ്പെട്ട കണക്കുകളും അവര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍വമേഖലയിലും ഞെരുക്കം

ക്ഷേമ പെന്‍ഷനുകള്‍ വൈകുന്നതും മുടങ്ങുന്നതും മാത്രമല്ല, തൊഴിലുറപ്പ് പദ്ധതിയിലടക്കം പണിയെടുത്ത പലര്‍ക്കും കൂലി നല്‍കാനാകാത്ത സ്ഥിതിയും നെല്‍ക്കര്‍ഷകര്‍ ഉള്‍പ്പടെ പല കര്‍ഷകര്‍ക്കും സംഭരിച്ച നെല്ലിന് പണം നല്‍കാനാവാത്ത സ്ഥിതിയുമുണ്ടായിട്ടുണ്ട്. ട്രഷറിയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ധനവകുപ്പ് അറിയാതെ ബില്ലുകള്‍ പാസാക്കരുതെന്നാണ് ഇപ്പോള്‍ വാക്കാലുള്ള നിര്‍ദേശം. ലൈസന്‍സും ആര്‍ സിയും വിതരണം ചെയ്യുന്നത് മുടങ്ങിയതിനു കാരണവും സാമ്പത്തിക പ്രതിസന്ധി തന്നെ. വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില കൂട്ടണമെന്ന് സപ്ലൈകോ ആവശ്യപ്പെട്ടതും സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വേണ്ടിയാണ്.

കേന്ദ്രത്തിന്റെ കടുംവെട്ട്

സാമ്പത്തിക സഹകരണ ഫെഡറലിസം എന്ന ആശയത്തില്‍നിന്ന് കേന്ദ്രം വ്യതിചലിക്കുന്നതാണ് സംസ്ഥാനങ്ങള്‍ ഇത്തരത്തില്‍ ഞെരുക്കത്തിലകപ്പെടാന്‍ കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. അത് ശരിവെക്കുന്ന ചില പ്രധാനപ്പെട്ട കണക്കുകളും അവര്‍ ചൂണ്ടിക്കാട്ടുന്നു:

സുസ്ഥിര വികസന സൂചിക പ്രകാരം മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്ന മൂന്ന് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്‌നാടും കര്‍ണാടകയും. പത്താം ധനകാര്യ കമ്മീഷന്‍ മൊത്തം കേന്ദ്ര വിഹിതത്തിന്റെ 3.9 ശതമാനമാണ് കേരളത്തിന് അനുവദിച്ചത്. തമിഴ്‌നാടിന് 6.6 ശതമാനവും കര്‍ണാടകത്തിന് 5.3 ശതമാനവും. എന്നാല്‍ പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഇത് യഥാക്രമം 1.9, 4.1, 3.7 എന്നിങ്ങനെ വെട്ടിക്കുറച്ചു.

കേന്ദ്രവും സംസ്ഥാനവും ഓഫ് ബജറ്റായി എടുത്തിട്ടുള്ള തുക ഇതുവരെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തിനുമേല്‍ ഇങ്ങനെ ഒരു ചട്ടം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയെന്ന് കരുതേണ്ടി വരും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അംഗീകരിച്ച മുഖ്യമന്ത്രി, ഈ സ്ഥിതിക്ക് കാരണം കേന്ദ്രത്തിന്റെ നടപടികളാണെന്ന് ആവര്‍ത്തിച്ച് ആരോപിക്കുന്നു. ജി എസ് ടി ഏര്‍പ്പെടുത്തിയത് നികുതി വരുമാനത്തെ ബാധിച്ചു. അര്‍ഹതപ്പെട്ട വായ്പാനുമതിയില്‍ 19000 കോടി രൂപ കേന്ദ്രം നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്റില്‍ 8400 കോടി രൂപയുടെ കുറവ് വന്നു. ജി എസ് ടി നഷ്ടപരിഹാരമായി ലഭിച്ചുകൊണ്ടിരുന്ന 12000 കോടി രൂപ ഇല്ലാതായി തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കിഫ്ബി വഴി കേരളമെടുത്ത ഓഫ് ബജറ്റ് വായ്പ കേന്ദ്രം വായ്പാ പരിധിയില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് സംസ്ഥാനത്തിനെറ ഏറ്റവും വലിയ എതിര്‍പ്പ്. കിഫ്ബി വഴി എടുത്ത വായ്പയില്‍ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയത് സി എ ജിയാണ്. ഇതുസംബന്ധിച്ച് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ കേന്ദ്രം ഒരു തുകയും തടഞ്ഞുവെക്കുകയല്ല മറിച്ച് കേരളം മതിയായ അപേക്ഷകള്‍ നല്‍കുകയും നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യാത്തതാണ് തുക വിട്ടുനല്‍കാന്‍ വൈകുന്നതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞത്.

കേന്ദ്രവും സംസ്ഥാനവും ഓഫ് ബജറ്റായി എടുത്തിട്ടുള്ള തുക ഇതുവരെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നിരിക്കെ സംസ്ഥാനത്തിനുമേല്‍ ഇങ്ങനെ ഒരു ചട്ടം അടിച്ചേല്‍പ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യം വെച്ച് തന്നെയെന്ന് കരുതേണ്ടി വരും. എന്നാല്‍ റവന്യൂ കമ്മി ഗ്രാന്റ് കുറഞ്ഞു വരുമെന്ന് പത്താം ധനകമ്മീഷനില്‍ തന്നെ പറഞ്ഞിരുന്നത്. ജി എസ് ടി കോമ്പന്‍സേഷന്‍ കൈമാറാത്തതിനും സാങ്കേതികമായ കാരണങ്ങളാണ് കേന്ദ്രം ചൂണ്ടികാണിക്കുന്നത്. കേന്ദ്രത്തിന്റെ നടപടികള്‍ നിലവിലെ പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമായിട്ടുണ്ട്. അതൊഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ സുശക്തമാണോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്.

പ്രതിസന്ധി ആദ്യത്തേതല്ല, അവസാനത്തേതുമായേക്കില്ല

2002 ല്‍ അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് ‘ഖജനാവില്‍ അഞ്ച് പൈസയില്ല’ എന്ന് പറഞ്ഞത് പിന്നീട് പലപ്പോഴും ഒരു തമാശയായി മാറിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയായിരുന്നു കേരളം അന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങി, പുതിയ നിയമനങ്ങള്‍ നിര്‍ത്തിവച്ചു, ട്രഷറി പൂട്ടി. അങ്ങനെ അന്നുവരെ കാണാത്ത അപൂര്‍വ നടപടികള്‍ക്കെല്ലാം അന്ന് കേരളം സാക്ഷിയായി.

ഇരുപത്തിയൊന്ന് വര്‍ഷത്തിനുശേഷം വീണ്ടും ഒരു മുഖ്യമന്ത്രി പൊതുമധ്യത്തില്‍ വന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് അംഗീകരിച്ചിരിക്കുകയാണ്. എന്ത് കൊണ്ടാകും കേരളത്തില്‍ ഈ സ്ഥിതി ആവര്‍ത്തിക്കുന്നത്. അത് മനസ്സിലാക്കാന്‍ കേരളത്തിന്റെ കണക്കുപുസ്തകം വിശദമായി പരിശോധിക്കേണ്ടതുണ്ട്.

കണക്കില്‍ പിഴച്ചോ?

നിതി ആയോഗിന്റെ സുസ്ഥിര വികസന റാങ്കിങ്ങില്‍ കേരളത്തിനാണ് ഒന്നാം സ്ഥാനം. സ്‌കോറിങ്ങില്‍ കേരളം 75 നേടിയപ്പോള്‍, 74 വീതം നേടി ഹിമാചല്‍ പ്രദേശും തമിഴ്‌നാടും രണ്ടും മൂന്നും സ്ഥാനത്തായി. 72 സ്‌കോറുള്ള കര്‍ണാടകമാണ് തൊട്ടുപുറകെ. കേന്ദ്രത്തിന്റെ കടുംവെട്ടിന് പാത്രമായ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിനൊപ്പമുണ്ട് തമിഴ്‌നാടും കര്‍ണാടകവും. വിഭവങ്ങളുടെ അടിസ്ഥാനത്തിലും സമാനതകളേറെയുണ്ട് ഈ സംസ്ഥാനങ്ങള്‍ തമ്മില്‍. ഭൂവിസ്തൃതി, ജനസംഖ്യ തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തോട് കുറച്ചുകൂടി ചേര്‍ന്നുനില്‍ക്കുന്ന സംസ്ഥാനം ഹരിയാനയാണ്. നിതി ആയോഗിന്റെ റാങ്കിങ്ങില്‍ 12-ാമത് എത്തിയ ഹരിയാനയ്ക്കും മോശമല്ലാത്ത സ്‌കോര്‍ ഉണ്ട്, 67. ഈ മൂന്ന് സംസ്ഥാനങ്ങളുമായി കേരളത്തിന്റെ കണക്കുകള്‍ താരതമ്യം ചെയ്താല്‍ അത്ര ചെറുതല്ലാത്തൊരു ചിത്രം മുന്നില്‍ തെളിയും.

മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആഭ്യന്തര ഉത്പാദന സൂചിക മോശമല്ലെന്ന് വ്യക്തം. 2020- 21 കാലഘട്ടത്തില്‍ ഇതില്‍ ഇടിവ് സംഭവിച്ചിരുന്നെങ്കില്‍ 2022 ലെ ഇക്കണോമിക് റിവ്യൂയില്‍ ഇത് വീണ്ടും 12 ശതമാനമായി കൂടിയെന്ന് വ്യക്തമാക്കുന്നു. ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം 2022 ലായിരിക്കണമല്ലോ. അപ്പോഴും ആഭ്യന്തര ഉത്പാദനത്തില്‍ കേരളം പിന്നില്‍ പോയിട്ടില്ലെന്ന് അര്‍ഥം

ജി എസ് ഡി പി (സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം)

ഒരു നിശ്ചിത കാലയളവില്‍ ഒരു സംസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെത്തുക കണക്കാക്കുന്നതിനെയാണ് ജിഎസ്ഡിപി അഥവാ സംസ്ഥാന മൊത്ത ആഭ്യന്തര ഉത്പാദനം എന്ന് വിളിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സൂചികയാണ് ആഭ്യന്തര ഉത്പാദനം. ആ കാലയളവിലെ സംസ്ഥാനത്തിന്റെ വികസനത്തിന്റെ വ്യാപ്തിയും ദിശയും വ്യക്തമാക്കുന്ന ഈ കണക്കുകള്‍ ആദ്യം പരിശോധിക്കാം.

കോവിഡ്, പ്രളയം തുടങ്ങിയ വെല്ലുവിളികള്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ ബാധിക്കും മുമ്പുള്ള കണക്കുകളാണ് ഇവിടെ പരിശോധിക്കുന്നത്. ഇതില്‍നിന്ന് കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ഉത്പാദനത്തില്‍ ഒട്ടും പിന്നിലല്ലെന്ന് വ്യക്തമാണ്. 2017 -18 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ 7.3 ശതമാനമായിരുന്നു ആഭ്യന്തര ഉത്പാദനത്തിലെ വര്‍ധനയെങ്കില്‍ കേരളത്തില്‍ 9.5 ശതമാനമാണ്. കര്‍ണാടകം-14, തെലങ്കാന-12, ഹരിയാന-12 ശതമാനം എന്നിങ്ങനെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ ആഭ്യന്തര ഉത്പാദന സൂചിക മോശമല്ലെന്ന് വ്യക്തം. 2020- 21 കാലഘട്ടത്തില്‍ ഇതില്‍ ഇടിവ് സംഭവിച്ചിരുന്നെങ്കില്‍ 2022 ലെ ഇക്കണോമിക് റിവ്യൂയില്‍ ഇത് വീണ്ടും 12 ശതമാനമായി കൂടിയെന്ന് വ്യക്തമാക്കുന്നു. ഇന്ന് കാണുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തുടക്കം 2022 ലായിരിക്കണമല്ലോ. അപ്പോഴും ആഭ്യന്തര ഉത്പാദനത്തില്‍ കേരളം പിന്നില്‍ പോയിട്ടില്ലെന്ന് അര്‍ഥം.

പക്ഷേ ജി എസ് ഡി പി പോലെ തന്നെ പ്രധാനമായ മറ്റൊരു സൂചികയാണ് റവന്യൂ കമ്മി. ഒരു സര്‍ക്കാരിന്റെ മൊത്തം വരുമാനം അതിന്റെ ചെലവുകളേക്കാള്‍ കുറവുള്ള ഒരു സാഹചര്യത്തെയാണ് റവന്യൂ കമ്മിയെന്ന് വിളിക്കുന്നത്. വായ്പകളും മൂലധന ചെലവുകളും ഒഴിവാക്കിയാണിത് കണക്കാക്കുന്നത്. രാജ്യത്തെ സാമ്പത്തിക മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന എഫ്ആര്‍ബിഎം നിയമ പ്രകാരം റവന്യൂ കമ്മി പൂജ്യത്തിലായിരിക്കണം. എന്നാല്‍ സംസ്ഥാനങ്ങളുടെ നില എങ്ങനെയാണെന്ന് നോക്കാം.

തമിഴ്‌നാട് ഒഴികെ മറ്റ് മൂന്ന് സംസ്ഥാനങ്ങളേക്കാള്‍ പിന്നിലാണ് കേരളം റവന്യൂ കമ്മിയുടെ കാര്യത്തില്‍. കേരളത്തിന്റെ പ്രധാന ചെലവുകളിലൊന്ന് ശമ്പളവും പെന്‍ഷനുമാണ്. ജനസംഖ്യ കൊണ്ടും ജീവിതനിലവാരം കൊണ്ടും കേരളത്തോട് താരതമ്യം ചെയ്യാനാകുന്ന നാല് സംസ്ഥാനങ്ങളിലെ ശമ്പളച്ചെലവും പെന്‍ഷന്‍ ചെലവും താരതമ്യം ചെയ്ത് നോക്കാം.

പെന്‍ഷന്റെയും ശമ്പളത്തിന്റെയും ചെലവ് നോക്കിയാല്‍ കേരളത്തിന്റെ കണക്ക് മറ്റെല്ലാ സംസ്ഥാനങ്ങളെക്കാളും അധികമാണെന്ന് വ്യക്തം. കേരളത്തിന്റെ റവന്യൂ വരുമാനത്തിന്റെ 70 ശതമാനത്തിലധികം ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്ക്കാണ് ചെലവഴിക്കുന്നതെന്ന് കാണാം. റവന്യൂ വരുമാനത്തിന്റെ 30 ശതമാനം- ശമ്പളം, 21 ശതമാനം- പെന്‍ഷന്‍, 19 ശതമാനം- പലിശ എന്നിങ്ങനെ പോവുകയാണ്. കേരളം ക്ഷേമകാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സംസ്ഥാനമായതിനാല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സര്‍ക്കാരിന് നിലപാടെടുക്കാം. എന്നാല്‍ ഇതിനോടൊപ്പം തന്നെ സി എ ജി റിപ്പോര്‍ട്ടിലെ ചില നിര്‍ണായക കണ്ടെത്തലുകള്‍ കൂടി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. ഓഡിറ്റ് പ്രകാരം ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ 19 ശതമാനം പേര്‍ ക്ഷേമപെന്‍ഷന് അര്‍ഹരല്ലാത്തവരാണെന്നും മൂവായിരത്തിലധികം പേര്‍ ഒന്നിലധികം പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഉദ്യാഗസ്ഥതലത്തിലെ കെടുകാര്യസ്ഥത കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിക്കുന്നുണ്ട്.

കര്‍ണാടകയേക്കാള്‍ കടംവാങ്ങുന്ന കേരളം പക്ഷേ തമിഴ്‌നാടും കര്‍ണാടകയും മൂലധന നിക്ഷേപത്തിനായി ചെലവഴിക്കുന്നതിനേക്കാള്‍ കുറവ് തുകയേ ചെലവഴിക്കുന്നുള്ളൂ. അതിനര്‍ഥം കടംവാങ്ങുന്ന തുകയില്‍ വലിയ ശതമാനം റവന്യൂ ചെലവുകളിലേക്കാണ് പോകുന്നതെന്നാണ്. സംസ്ഥാനത്തിന്റെ കടം ആശങ്കയാകുന്നത് ഈ ഘട്ടത്തിലാണ്.

അതിലുപരി സംസ്ഥാനത്തിന്റെ മറ്റൊന്നിനും ചെലവഴിക്കാന്‍ പണമില്ലാത്ത തരത്തില്‍ ശമ്പളവും പെന്‍ഷനും ഖജനാവിനെ മുറുക്കിവലിക്കുമ്പോള്‍ ഒരു വശത്ത് സംസ്ഥാനത്ത് മറ്റ് നിക്ഷേപങ്ങള്‍ക്കും അതുവഴി കൂടുതല്‍ സാമ്പത്തിക ഇടപാടുകള്‍ക്കുമുള്ള അവസരമാണ് ഇല്ലാതാവുന്നത്. ഇത് കൂടുതല്‍ വ്യക്തമാക്കാന്‍ സംസ്ഥാനങ്ങളുടെ കടമെടുപ്പ് നിരക്കും മൂലധനനിക്ഷേപത്തിന്റെ കണക്കും പരിശോധിക്കാം.

പ്രശ്‌നങ്ങളുണ്ട്: തോമസ് ഐസക്

ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം കേന്ദ്രസര്‍ക്കാര്‍ സമീപനമാണെന്ന് പറയുകയാണ് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. ”നിങ്ങള്‍ ഉയര്‍ത്തികാണിക്കുന്ന ഈ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നത് തന്നെയാണ്. അത് മറികടക്കാന്‍ വേണ്ടിയാണ് കിഫ്ബി പോലുള്ള സ്ഥാപനങ്ങളുണ്ടാക്കിയത്. അടുത്ത ഇരുപതോ ഇരുപത്തിയഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മൂലധനനിക്ഷേപത്തിനിടയിലെ വിടവ് നികത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനും അനുവദിക്കാതിരിക്കുന്നതാണ് പ്രശ്‌നം,” തോമസ് ഐസക് പറഞ്ഞു.

വരുമാനം ഉറപ്പാക്കുന്നതിലും പാളിച്ച

ഒരു സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കാര്യമായി ബാധിക്കുന്ന ഘടകമാണ് നികുതി വരവ്. ജി എസ് ടിക്കുശേഷം നികുതിഘടന അടിമുടി മാറിയപ്പോള്‍, ജി എസ് ടി കൊണ്ട് കേരളത്തിന് ഗുണമാകും ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് 2022-23 , 23-24 കാലഘട്ടത്തില്‍ ജി എസ് ടി പിരിക്കുന്നതില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് വളര്‍ച്ച നേടാനായിട്ടില്ല. ഹരിയാന- 11 ശതമാനം, യുപി, രാജസ്ഥാന്‍ – 12 ശതമാനം വീതം, പഞ്ചാബ്, മഹാരാഷ്ട്ര-14 ശതമാനം, തമിഴ്‌നാട്-9 ശതമാനം, പശ്ചിമ ബംഗാള്‍-8 ശതമാനം എന്നിങ്ങനെയാണ് ജി എസ് ടി വളര്‍ച്ചാ നിരക്ക് നേടിയത്. അതേസമയം കേരളത്തിന് അഞ്ച് ശതമാനം മാത്രമേ വളര്‍ച്ച നേടാനായുള്ളൂ.

സി എ ജി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ നികുതി പിരിവില്‍ കാര്യമായ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ നികുതി വരുമാനത്തിന്റെ നിരക്ക് കാണിക്കുന്ന പട്ടികയാണ് താഴെ:

സംസ്ഥാനങ്ങളുടെ മൊത്തം വരുമാനത്തില്‍ എത്ര ശതമാനം നികുതിയില്‍നിന്ന്?

മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ആകെ വരുമാനത്തിന്റെ 60 ശതമാനമോ അതിനടുത്തോ നികുതിയില്‍ നിന്നാണെങ്കില്‍ കേരളത്തില്‍ 55ന് മുകളിലേക്ക് എത്തിയത് 2017-18 കാലഘട്ടത്തില്‍ മാത്രമാണെന്ന് കാണാം. ഈ വ്യത്യാസം കേരളത്തിന്റെ നികുതി ഘടനയുടെ പ്രത്യേകത കൊണ്ടാണെന്ന് വാദിക്കാമെങ്കിലും സി എ ജി ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ആ വാദം ശരിയല്ലെന്ന് തെളിയിക്കുന്നതാണ്.

നികുതി പിരിവില്‍ പിന്നില്‍

ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പ്രകാരം നികുതി പിരിവില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് മാത്രം കുറഞ്ഞത്, 150 കോടി രൂപയുടെ നഷ്ടം സംസ്ഥാനത്തിന് കഴിഞ്ഞ സാമ്പത്തികവര്‍ഷമുണ്ടായിട്ടുണ്ട്. മോട്ടോര്‍വാഹന നികുതി പിരിക്കുന്നതിലെ പിഴവുകള്‍ കാരണം 72.98 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ എക്‌സൈസ് നികുതിയില്‍ 489.17 കോടി രൂപയുടെ കുറവാണുണ്ടായത്. ഭൂനികുതിയിലും കുറവ് വന്നിട്ടുണ്ട്. നികുതി വരുമാനത്തില്‍ കേരളം ശ്രദ്ധിക്കേണ്ടതിനെക്കുറിച്ച് സാമ്പത്തികശാസ്ത്രജ്ഞര്‍ക്കും മറിച്ചഭിപ്രായമില്ല.

സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതേ തോതില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബലഹീനമാക്കുകയും ചെയ്യുകയാണെങ്കില്‍ കേരള മോഡല്‍ എന്നത് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റാത്ത ഒന്നാണ്. ആഭ്യന്തര നിക്ഷേപം കൂട്ടാതെ കേരളത്തിന് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധരും പറയുന്നത്

ആഭ്യന്തര വരുമാന സമാഹരണം നിര്‍ണായകം: ലേഖ ചക്രബര്‍ത്തി

”ധനസമാഹരണം ഡമോക്ലസിന്റെ വാളാണ്. നികുതി വരുമാനം വര്‍ധിപ്പിക്കാതെ ചെലവ് ചുരുക്കലിലൂടെയാണ് ധന ഏകീകരണത്തിന് ശ്രമിക്കുന്നതെങ്കില്‍, അത് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുകയേയുള്ളൂ. ഇന്റര്‍ ഗവണ്‍മെന്റല്‍ ഫിസ്‌ക്കല്‍ ട്രാന്‍സ്ഫറുകളിലെ സമീപകാല രീതികള്‍ കണക്കിലെടുക്കുമ്പോള്‍ ആഭ്യന്തര വരുമാന സമാഹരണം നിര്‍ണായകമാണ്. വരാനിരിക്കുന്ന പതിനാറാം ധനകാര്യ കമ്മീഷനന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര നടപടികളില്‍ സംസ്ഥാനം അനുഭവിക്കുന്ന ഞെരുക്കം കേന്ദ്രത്തെ ബോധ്യപ്പെടുത്തുകയും വേണം.”

അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കണം

കേന്ദ്ര നിലപാടുകളെ വിമര്‍ശിക്കുന്നതിനൊപ്പം തന്നെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പഠിക്കുക കൂടി ചെയ്യേണ്ടതുണ്ടെന്ന് തന്നെയാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്. സംസ്ഥാനത്തെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ അതേ തോതില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിക്കാതിരിക്കുകയും സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ബലഹീനമാക്കുകയും ചെയ്യുകയാണെങ്കില്‍ കേരള മോഡല്‍ എന്നത് ഉയര്‍ത്തിക്കാണിക്കാന്‍ പറ്റാത്ത ഒന്നാണ്. ആഭ്യന്തര നിക്ഷേപം കൂട്ടാതെ കേരളത്തിന് മുന്നോട്ടുള്ള യാത്ര കഠിനമാകുമെന്ന് തന്നെയാണ് ഈ മേഖലയിലെ വിദഗ്ധരും പറയുന്നത്.

ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ച മൂലധനനിക്ഷേപത്തെ ആശ്രയിച്ചിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സര്‍ക്കാരിന് മൂലധനനിക്ഷേപം നടത്താന്‍ കഴിയില്ലെന്നിരിക്കെ, ഇനി ചെയ്യാനുള്ളത് സ്വകാര്യനിക്ഷേപം പ്രോത്സാഹിപ്പിക്കുകയെന്നതാണ്. ഉത്പാദനമേഖലയില്‍ വലിയ നിക്ഷേപങ്ങളുണ്ടാകണം. ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഈ നിക്ഷേപങ്ങള്‍ യാഥാര്‍ഥ്യമാക്കാം.

സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയുടെ സ്മിതു കോത്താരി ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ ലേഖനം യഥാർത്ഥത്തിൽ ദി ഫോർത്ത് പ്രസിദ്ധീകരിച്ചത് ഇവിടെ വായിക്കാം.

Centre for Financial Accountability is now on Telegram and WhatsApp. Click here to join our Telegram channel and click here to join our WhatsApp channel and stay tuned to the latest updates and insights on the economy and finance.